പനാജി: ഗോവയില്‍ 2022 ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രംമെനഞ്ഞ് കോണ്‍ഗ്രസ്. മുഖ്യശത്രുവായ ബി.ജെ.പിയെ നേരിടാന്‍ സമാനമനസ്ക്കരായ മുഴുവന്‍ പാര്‍ട്ടികളെയും അണിനിരത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കമ്മത്ത് പറഞ്ഞു. എന്നാല്‍ ഇത് തന്റെ വ്യക്തപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുമ്പില്‍ താന്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സഖ്യം തന്നെ വേണമെന്നില്ല പക്ഷെ സീറ്റ് ധാരണയെങ്കിലും വേണമെന്നും കമ്മത്ത് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എന്‍.സി.പി എന്നിവരെയെല്ലാം സഖ്യത്തില്‍ അണിനിരത്തണമെന്നാണ് കമ്മത്ത് നിര്‍ദേശിക്കുന്നത്.
40 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത് 17 സീറ്റുകളായിരുന്നു. ബി.ജെ.പിക്ക് 13 സീറ്റുകളും. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുകയായിരുന്നു. എന്നാല്‍ ഈ തന്ത്രം പുതിയ തെരഞ്ഞെടുപ്പില്‍ സാധ്യമല്ല. പ്രാദേശിക പാര്‍ട്ടികളൊക്കെ ഇനി ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന നിലപാടിലാണ്. ഇതാണ് കോണ്‍ഗ്രസ് നേട്ടമായി കാണുന്നത്.