തിരുവനന്തപുരം: ചാനല്‍ ചര്‍ച്ച ബഹിഷ്ക്കരിച്ചതിന് പിന്നാലെ ഏഷ്യനെറ്റിനെതിരെ പ്രചരണം ശക്തമാക്കി സി.പി.എം. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചാനലില്‍ നടന്ന ചര്‍ച്ച സി.പി.എം ബഹിഷ്കരിക്കുകയായിരുന്നു. പാര്‍ട്ടി പ്രതിനിധികള്‍ക്ക് അവരുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ സമയം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ചര്‍ച്ച ബഹിഷ്കരിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ ബഹിഷ്ക്കരണത്തെ വിശദീകരിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ മുഖപ്രസംഗം എഴുതിയിരിക്കുകയാണ്.
ചാനലിന്റെ നിലപാടുകള്‍ വ്യക്തമാക്കിയ എഡിറ്ററുടെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോളാണ് ലേഖനം എഴുതിയിരിക്കുന്നത്. ‘ഒരു അവതാരകന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വൈകുന്നേരത്തെ വാര്‍ത്താ ചര്‍ച്ചയിലാണ് ഈ മര്യാദകേടിന്റെ വിശ്വരൂപം അരങ്ങേറുകയെന്ന് ലേഖനത്തില്‍ പറയുന്നു. കോട്ടിട്ട അവതാരകന്. ഒപ്പം അദ്ദേഹം നിഷ്പക്ഷ നിരീക്ഷകമുദ്ര ചാര്‍ത്തി നല്കുന്ന രണ്ടോ മൂന്നോ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍.
ആം ആദ്മിപോലൊരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെയും തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ പത്രാധിപരെയും മുസ്ലീംലീഗ് അംഗത്തേയും സിപിഎം പുറത്താക്കിയവരെയും ഒക്കെ ഇങ്ങനെ സ്വതന്ത്ര നിരീക്ഷകന് എന്നോ ഇടതുനിരീക്ഷകനെന്നോ കിരീടം വെയ്പ്പിച്ച് സ്റ്റുഡിയോയില്‍ ഇരുത്തുന്നു. മാറി മാറി യുഡിഎഫ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നയാളെവരെ ഈ വേഷം കെട്ടിക്കും’ ദേശാഭിമാനി പറയുന്നു.
ഏഷ്യനെറ്റിന്റെ ചരിത്രം പറഞ്ഞതിന് ശേഷം ഇപ്പോള്‍ അത് ബി.ജെ.പി എംപിയുടെ ഉടമസ്ഥതിയിലാണെന്ന് അറിഞ്ഞുകൊണ്ടാണ് പാര്‍ട്ടി ആ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്നും ചര്‍ച്ചകളില്‍ കിട്ടുന്ന പരിമിതമായ സമയം പോലും വിനിയോഗിക്കാന്‍ സി.പി.എം പ്രതിനിധിയെ അനുവദിക്കാതെ എതിര് രാഷ്ട്രീയ പാര്‍ട്ടിക്കാരെക്കാള്‍ വാശിയോടെ ഇടപെടുന്ന അവതരാകനെയാണ് മിക്കപ്പൊഴും കാണുകയെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസം സംഭവത്തില്‍ പ്രതികരണവുമായി ഏഷ്യനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന് രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ച ഒരാള്‍ക്ക് വേണ്ടി മാത്രം നടത്താന്‍ കഴിയില്ലെന്നും ഈ സംഭവം ദൗര്‍ഭാഗ്യകരം എന്ന് മാത്രമേ പറയാനുള്ളുവെന്നും തങ്ങള്‍ക്ക് ഇത് പുതിയ അനുഭവമല്ലെന്നും ഔട്ട്ലുക്കിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ സി.പി.എം സോഷ്യല്‍ മീഡിയാഗ്രൂപ്പുകള്‍ പ്രചാരണം ശക്തമാക്കിയതിന് ശേഷമാണ് ഇപ്പോള്‍ പാര്‍ട്ടി മുഖപത്രം തന്നെ ചാനലിനെതിരെ രംഗത്തുവന്നിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിലൂടെ ചാനലുകളിലെ ചര്‍ച്ചകളെ വിലയിരുത്തുന്ന പരിപാടികളും സി.പി.എം നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. കുറച്ചുകാലത്തിന് ശേഷമാണ് സിപിഎം മാധ്യമങ്ങളുമായി പരസ്യമായി ഏറ്റുമുട്ടുന്നത്. സിപിഎം വിഭാഗീയത, എസ്എന്‍സി ലാവ്ലിന് കേസ്, എന്നിവ ചര്ച്ചകളായപ്പോഴാണ് സിപിഎം മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞ മുന്‍ അവസരങ്ങള്‍. എന്നാല്‍ ഇപ്പോഴത്തെ എതിര്‍പ്പ് മുഖ്യമായും ഏഷ്യനെറ്റിനെതിരെയാണ് ഉയര്‍ന്നിട്ടുള്ളത്.