ന്യൂഡല്‍ഹി: കടല്‍ക്കൊല കേസ് അവസാനിപ്പിക്കണമെങ്കില്‍ ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവെക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതി. ഹേഗിലെ യു.എന്‍ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഈ ഉപാധി വെച്ചത്. മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന എന്റിക്ക ലെക്സി കപ്പലിലെ നാവികര്‍ സാല്‍വത്തോറെ ജിറോണിനും മാസിമിലിയാനോ ലാത്തോറെയ്ക്കുമെതിരായ നിയമനടപടികള്‍ അവസാനിപ്പക്കണമെങ്കില് ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.
അതേസമയം നാവികരായ സാല്‍വത്തോറെ ജിറോണിനെയും മാസിമിലിയാനോ ലാത്തോറെയെയും ക്രിമിനല്‍ വിചാരണക്ക് വിധേയരാക്കുമെന്ന് ഇറ്റലി ഉറപ്പുനല്‍കിയിട്ടുണ്ട് എന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ആദ്യം നഷ്ടപരിഹാര തുകയുടെ ചെക്കും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും കോടതിക്ക് മുന്നിലെത്തിക്കൂ, അതിന് ശേഷം കേസ് പിന്‍വലിക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. കുടുംബാംഗങ്ങളെ കക്ഷി ചേര്‍ക്കാനുള്ള അപേക്ഷ ഒരാഴ്ചക്കകം നല്കാന് കേന്ദ്രത്തോട് കോടതി ഉത്തരവിട്ടു.
നേരത്തെ കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്ക് അവകാശമില്ലെന്നും എന്നാല്‍ ഇറ്റലി ഇന്ത്യക്ക് (കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്) നഷ്ടപരിഹാരം നല്‍കണമെന്നുമാണ് അന്താരാഷ്ട്ര ആര്ബിട്രേഷന് കോടതി വിധി. 2012 ഫെബ്രുവരി 15നാണ് കേരള തീരത്തിന് സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടിലെ രണ്ട് തൊഴിലാളികളെ എന്റിക ലെക്സി കപ്പലിലുണ്ടായിരുന്ന നാവികര്‍ വെടിവച്ച് കൊന്നത്. കടല്‍ക്കൊള്ളക്കാരെന്ന് വിചാരിച്ചാണ് വെടി വച്ചത് എന്നായിരുന്നു ഇറ്റാലിയന്‍ നാവികരുടെ വിശദീകരണം. കേരള പൊലീസ് നാവികരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ ഇവരെ വിചാരണ ചെയ്യാം എന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ നാവികര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു