ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി സുപ്രീം കോടതിയിലെത്തിയപ്പോള്‍ സ്പീക്കര്‍ സി.പി.ജോഷിക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലും ജസ്റ്റിസ് അരുണ്‍ മിശ്രയുമായുള്ള രസകരമായ സംഭാഷണം നടന്നിരുന്നു. മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ആവശ്യപ്പെട്ടായിരുന്നു സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വാദത്തിനിടെ സിബലും ജഡ്ജിയും തമ്മില്‍ നടന്നത് രസകരമായ സംഭാഷണമായിരുന്നുവെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന ആരോപണത്തില്‍ വിമത എം.എല്‍.എ സച്ചിന് പൈലറ്റിനും എം.എല്‍.എമാര്‍ക്കും അയോഗ്യത നോട്ടീസ് നല്കുന്ന ശരിയാണോയെന്നും നോട്ടീസുകളെ നിയമപരമായി വെല്ലുവിളിക്കാന്‍ വിമതര്‍ക്ക് അവകാശമില്ലേ എന്നുമുള്ള വാദം നടക്കവെ, ‘എന്തിനാണ് നിങ്ങള്‍ ഇത്രത്തോളം വേദനിക്കുന്നത്’ എന്ന് വാദത്തിനിടെ ജസ്റ്റിസ് അരുണ്‍ മിശ്ര സിബലിനോട് ചോദിച്ചു. എന്നാല്‍ ‘തനിക്ക് തെല്ലും വേദനയില്ലെന്നും ചുറ്റും ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും വേദനിക്കുന്ന പരിപാടി താന്‍ നിര്‍ത്തി’ എന്നും സിബല്‍ പറഞ്ഞു.
തുടര്‍ന്ന് പൈലറ്റ് പക്ഷത്തിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെയെ പരാമര്‍ശിച്ച് ഇങ്ങനെ പറഞ്ഞു, ‘സാല്‍വേ പുഞ്ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്’ എന്നും സിബല്‍ പറഞ്ഞു. അടുത്തിടെയായി വേദന പരിഹരിക്കാനുള്ള പ്രതിരോധശേഷി തനിക്ക് കൈവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, പരാമര്‍ശങ്ങളില്‍ കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം മുതിര്‍ന്നതുമില്ല. തീര്‍ത്തും തമാശ എന്ന രീതിയിലാണ് സിബല്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ അടിക്കടിയുണ്ടാകുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ സിബലിനെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് വിവരം. പാര്‍ട്ടിക്കായി ചെയ്യുന്ന ജോലിയില്‍ വെല്ലുവിളി നിറഞ്ഞിരിക്കുന്നതിന്റെ സൂചനയാണ് സിബല്‍ പങ്കുവെച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെയും തുടര്‍ന്ന് അധികാരവും നഷ്ടമായതുപോലെ രാജസ്ഥാനില്‍ പൈലറ്റിനെയും നഷ്ടപ്പെട്ടേക്കുമെന്നാണ് സിബല്‍ സൂചിപ്പിച്ചുവെക്കുന്നത്.