ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെക്കുറിച്ച് പ്രശംസിച്ചും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ഡി.എം.കെ എം.എല്‍.എ കു കാ സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ.സ്റ്റാലിനാണ് സെല്‍വത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയ ഇദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
ഇക്കാര്യം സ്റ്റാലിന് തന്നെയാണ് അറിയിച്ചത്. ഇന്നുതന്നെ സെല്‍വത്തെ ചുമതലകളില്‍നിന്നും ഒഴിവാക്കിയെന്നും അച്ചടക്ക ലംഘനത്തെത്തുടര്‍ന്നാണ് നടപടിയെന്നും സ്റ്റാലില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെക്കുറിച്ചും അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി മോദിയുടെ പരിശ്രമങ്ങളെയും കു കാ സെല്‍വം പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് സെല്‍വം നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പിന്നീട് വാര്‍ത്തകളെ തള്ളി സെല്‍വം രംഗത്തെത്തിയിരുന്നു. താന്‍ ബി.ജെ.പിയില്‍ ചേരാനല്ല ഡല്‍ഹിയില്‍ എത്തിയതെന്നും മറിച്ച് കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയലുമായി ചര്‍ച്ച നടത്താനാണെന്നുമാണ് സെല്‍വത്തിന്റെ വിശദീകരണം. തമിഴ്നാട് ബി.ജെ.പി യൂണിറ്റ് പ്രസിഡന്റ് എല്‍. മുരുകനുമൊത്താണ് സെല്‍വം നദ്ദയുടെ വീട്ടിലേക്ക് പോയത്. ഇതേതുടര്‍ന്നാണ് സെല്‍വം ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു എം.എല്‍.എ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഡി.എം.കെ ആസ്ഥാനത്ത് കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ മുതിര്‍ന്ന ഡി.എം.കെ നേതാവ് വി.പി ദുരൈസാമി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തമിഴ്നാട് അസംബ്ലി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായിരുന്ന ദുരൈസാമി അന്ന് ചെന്നൈയിലുള്ള മുരുകനെ വിളിച്ചിരുന്നതും ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നതും വാര്‍ത്തയായിരുന്നു.