തിരുവനന്തപുരം: വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറി തട്ടിപ്പ് നടത്തിയത് സംവിധാനങ്ങളിലെ പരിമിതികളും വീഴ്ചകളും മുതലെടുത്താണെന്ന് റിപ്പോര്‍ട്ട്. ന്യൂതന സാങ്കേതികവിദ്യ ട്രഷറിയില്‍ നടപ്പാക്കിയതില്‍ വന്ന പാളിച്ചകളും തട്ടിപ്പിന് ഒരു കാരണമായതായും എടുത്തു പറയാമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ തട്ടിപ്പില്‍ കൂടുതല്‍ പേരുണ്ടോയെന്നും സംശയിക്കുന്നു. ഈ സംഭവത്തിലൂടെ ഏതു തരത്തിലുള്ള ഉദ്യോഗസ്ഥ അഴിമതിക്കും അവിടെ എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്നും ട്രഷറി നവീകരണം എന്നത് വെറും പ്രഹസനം മാത്രമാണെന്നുമാണ് തിരിച്ചറിയുന്നത്.
അതേസമയം പല ദിവസങ്ങളിലായിരുന്നു സീനിയര്‍ അക്കൗണ്ടന്റായ ബിജുലാല്‍ ബിജുലാല്‍ മൊത്തം പണവും തട്ടിയത്. രണ്ടു കോടി രൂപ തന്റെ കൈവശം കിട്ടിയതിനു പിന്നാലെ അതില്‍ നിന്നും 60 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്ത് ബിജുലാലിന്റെ തന്ത്രമായിരുന്നു. സാങ്കേതിക വിദ്യയെ കുറിച്ച് സാമാന്യബോധ്യവും ട്രഷറി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവും ഉള്ളൊരു ഉദ്യോഗസ്ഥന് മറ്റുള്ളവരെ കബളിപ്പിച്ചുകൊണ്ട് അഴിമതി നടത്താന്‍ കഴിയും എന്നാണ് ബിജുലാലിന്റെ തട്ടിപ്പിലൂടെ പുറത്തു വന്ന യാഥാര്‍ത്ഥ്യങ്ങള്‍. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് കമ്പ്യൂട്ടറൈസേഷന് നടപ്പാക്കിയതിലൂടെ ട്രഷറി നവീകരണത്തിനാണ് തുടക്കം കുറിച്ചതെന്നും ട്രഷറിയുടെ പ്രവര്‍ത്തനങ്ങളില്‍ നല്ല ഫലം ഉണ്ടാക്കാന്‍ ഇതുമൂലം കഴിഞ്ഞെന്നുമാണ് ധനമന്ത്രി തോമസ് ഐസക്ക് അവകാശപ്പെട്ടുക്കൊണ്ടിരുന്നത്.
ഇത്തരമൊരു തട്ടിപ്പ് നടന്നേക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നായിരുന്നു ഇപ്പോഴത്തെ സംഭവത്തിനു പിന്നാലെ ഐസക്ക് പിന്നെയും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ട്രഷറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടത്തിയിരിക്കുന്ന കമ്പ്യൂട്ടറൈസേഷന് വലിയ അഴിമതികള്‍ക്ക് സഹായകമാകുന്നൊരു സംവിധാനമാണെന്നാണ് ബിജുലാല്‍ താന്‍ നടത്തിയ തട്ടിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ എം.എസ് ബിജുലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കയാണ്. ജൂലൈ 27 നാണ് സീനിയര്‍ അക്കൗണ്ടന്റെ ആയ ബിജുലാല്‍ സ്വന്തം യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്നും തന്റെയും ഭാര്യയുടെയും പേരിലുള്ള ട്രഷറി സേവിംഗ് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യാനായി ഓണ്‍ലൈന്‍ ആയി ബില്‍ സമര്‍പ്പിക്കുന്നത്.
ഇത്തരത്തില്‍ ബില്‍ സമര്‍പ്പിച്ചാലും ഫണ്ട് കൈമാറ്റം നടക്കണമെങ്കില്‍ മേലുദ്യോഗസ്ഥന്റെ അനുമതി വേണം. സമര്‍പ്പിക്കപ്പെട്ട ബില്‍ കമ്പ്യൂട്ടറില്കൂടി തന്നെ അംഗീകരിക്കണം. അവിടെയാണ് ബിജുലാല്‍ മറ്റൊരു തന്ത്രം പ്രയോഗിച്ചത്. മേയ് 31 ന് വിരമിച്ച ട്രഷറി ഓഫിസറുടെ യൂസര്‍ നെയിനും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ബില്‍ അംഗീകരിച്ചു. വിരമിച്ച ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചായിരുന്നു ഇത്. ഇവിടെയാണ് ഈ കള്ളത്തരം ബിജുലാല്‍ ഒറ്റയ്ക്ക് ചെയ്തതാണോ എന്ന ചോദ്യം ഉയരുന്നത്. ഒരു ഉദ്യോഗസ്ഥന് വിരമിക്കുമ്പോള്‍ അയാളുടെ യൂസര്‍ നെയിമും പാസ് വേര്‍ഡും സിസ്റ്റത്തില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ്. അതുണ്ടായിട്ടില്ല. യൂസര്‍ നെയിനും പാസ്വേഡും താന്‍ സിസ്റ്റത്തില്‍ സേവ് ചെയ്തു വച്ചിരുന്നുവെന്നും അതാണ് ദുര്യുപയോഗം ചെയ്തതെന്നുമാണ് വിരമിച്ച ഉദ്യോഗസ്ഥന് പറയുന്നത്. എന്നാല്‍ ഒരു ഉദ്യോഗസ്ഥന് വിരമിച്ചിട്ട് ഒരു മാസം തികയാറുമ്പോഴും എന്തുകൊണ്ട് അദ്ദേഹത്തിന്റെ പാസ്വേര്ഡ് മാറ്റാന്‍ തയ്യാറായില്ല എന്നിടത്താണ് സംശയം ഉയരുന്നത്.