കല്‍പ്പറ്റ: സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കായി രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യത്തിനായി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുനല്‍കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠത്തിനാവശ്യമായ 175 ടിവികളാണ് രാഹുല്‍ മണ്ഡലത്തില്‍ സ്വന്തം നിലയില്‍ എത്തിച്ചുനല്‍കിയത്.
നേരത്തെ മണ്ഡലത്തില്‍ 75ഓളം ടിവികള്‍ എത്തിച്ചുനല്‍കിയിരുന്നു. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കിലെ തിരഞ്ഞെടുത്ത ക്ലബ്ബുകള്‍ വായനശാലകള്‍, എന്നിവ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ വകുപ്പാണ് ടെലിവിഷന്‍ സ്ഥാപിക്കുക. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനുള്ള കണക്കെടുപ്പുകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എംപിയെ പ്രതിനിധീകരിച്ച് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് ടിവി സെറ്റുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി.
അതേസമയം നേരത്തെ മുഖ്യമന്ത്രിക്കും വയനാട് ജില്ലാ കളക്ടര്‍ രാഹുല്‍ കത്തയച്ചിരുന്നു. ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാകാന്‍ കുട്ടികള്‍ക്ക് എന്തൊക്കൊ സൗകര്യങ്ങളാണോ വേണ്ടതെന്നും അതിന്റെ വ്യക്തമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് അയക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് ഫോണോ, കമ്പ്യൂട്ടറുകളോ ഉള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യം ഇല്ലാത്തത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാവാന്‍ കഴിയല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ കത്തയച്ചത്.
വയനാട്ടിലെ 17000 ത്തോളം ആദിവാസി വിഭാഗക്കാരായ കുട്ടികളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടുള്ളു. ടിവി കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങളില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്തുള്ളത്. ഇതേതുടര്‍ന്ന് എത്രയും പെട്ടെന്ന് സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് രാഹുല്‍. പഠനം മുടങ്ങാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കായി ശക്തമായ ഇടപെടലുകളാണ് രാഹുല്‍ ജില്ലയില്‍ നടത്തുന്നത്.