ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റില്‍. വിവാദമായ കേസില്‍ മൂന്നാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്. രാവിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിയ രാഗിണിയെ നീണ്ട മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയുടെ സുഹൃത്തായ രവി ശങ്കറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രാഗിണിക്കും പങ്കുണ്ടെന്ന് രവി ശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് രാഗിണിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയക്കുകയായിരുന്നു.

അതേസമയം നേരത്തെ കസ്റ്റഡിയില്‍ എടുത്ത വ്യവസായി രാഹുല്‍ ഷെട്ടിയെയും അറസ്റ്റ് ചെയ്തതായി കമ്മീഷണര്‍ അറിയിച്ചു. മയക്കുമരുന്ന് കേസില്‍ പ്രതികളുടെ കേരളത്തിലെ ബന്ധങ്ങളെകുറിച്ച് അനേഷിക്കുകയാണെന്ന് ബെംഗളൂരു നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പറഞ്ഞു. അതേസമയം മയക്കുമരുന്ന് കേസില്‍ സിനിമാ രാഷ്ട്രീയ മേഖലയിലടക്കമുള്ള ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു.

ഡാര്‍ക്ക് വെബ്ബ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തെ കുറിച്ചാണ് തങ്ങളുടെ അന്വേഷണമെന്നും രാജ്യത്ത് ആദ്യമായി കര്‍ണാടക പൊലീസാണ് ഈ മേഖലയില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. കൊച്ചി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുമായി ചേര്‍ന്നല്ല തങ്ങളുടെ അന്വേഷണമെന്നും സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദിന് എന്തെങ്കിലും ബന്ധമുള്ളതായി തെളിവുകളൊന്നും ലഭിച്ചില്ലെന്നും ബെംഗളൂരു എന്‍.സി.ബി മേധാവി അമിത് ഗവാഡെ പറഞ്ഞു.