മുംബൈ: ന്യൂസ് പ്രൈം ടൈമിനു 9 മിനിട്ട് മുമ്പ് മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവിടുമെന്ന് സംവിധായകന് രാം ഗോപാല്‍ വര്‍മ പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞതുപോലെ അര്ണബിനെക്കുറിച്ചുള്ള സിനിമ ‘അര്‍ണബ് ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ’ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ രാം ഗോപാല്‍ വര്‍മ തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുകായണ്. മോഷന്‍ പോസ്റ്ററില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ അര്‍ണബ് പറയുന്ന ‘who the hell are you… how dare you” എന്ന വാചകങ്ങളെല്ലാം ഉള്‍പ്പെടുത്തി അര്‍ണബിന്റെ ശബ്ദത്തില്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

നേരത്തെ അര്‍ണബിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കുമെന്ന് പറഞ്ഞ രാം ഗോപാല്‍ വര്‍മ രാജ്യത്തിന് അറിയേണ്ട സത്യങ്ങളെല്ലാം അതോടെ അറിയുമെന്നും ട്വീറ്റ് ചെയ്തിരുന്നു. ചാനല്‍ ചര്‍ച്ചക്കിടെ നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെടുത്തി ബോളിവുഡിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയത്. അര്‍ണബിനെ പഠിച്ച ശേഷം ടാഗ്ലൈന് ന്യൂസ് പിമ്പാണോ ന്യൂസ് പ്രോസ്റ്റിറ്റിയൂഡ് ആണോ വേണ്ടതെന്ന് താന്‍ ആലോചിച്ചുവെന്നും രണ്ടും പ്രസക്തമാണെങ്കിലും ഞാന്‍ ഒടുവില്‍ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.
ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, മഹേഷ് ഭട്ട് തുടങ്ങി നിരവധി പേരെ കുറ്റവാളികളായും ബലാത്സംഗികളായുമെല്ലാമാണ് അര്‍ണബ് ചിത്രീകരിക്കുന്നതെന്നും പറഞ്ഞ രാം ഗോപാല്‍ വര്‍മ ദിവ്യഭാരതി, ജിയ ഖാന്, ശ്രീദേവി, സുശാന്ത് സിംഗ് എന്നിവര്‍ തികച്ചും വ്യത്യസ്തരായ ആളുകളും വ്യത്യസ്ത സാഹചര്യങ്ങളുമാണെന്നും എന്നാല്‍ അര്‍ണബ് ഇതെല്ലാം ഒരൊറ്റ സംഭവമാക്കാന്‍ ആണ് ശ്രമിക്കുന്നതെന്നും തന്റെ മറ്റൊരു ട്വിറ്ററില്‍ പറഞ്ഞു.
ഒളിച്ചിരിക്കാതെ അദ്ദേഹത്തെ നേരിടാന്‍ പുറത്തുവരിക. സിനിമകളില്‍ നായകന്മാരെ സൃഷ്ടിച്ചത് കൊണ്ടോ നായകരായി അഭിനയിച്ചത് കൊണ്ടോ മാത്രമായില്ല. അര്‍ണബ് ഗോസാമിയെപ്പോലുള്ള വില്ലന്മാരെ എതിരിടാന്‍ കൂടി നമ്മള് തയ്യാറാവണമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. അതേസമയം അര്‍ണബ് തനിക്കെതിരെ പ്രതികരിച്ചാലും പ്രശ്നമില്ലെന്നും അതെല്ലാം തന്റെ സിനിമയ്ക്കുള്ള പ്രെമോഷന് ആയി മാറ്റുമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു.