ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പിനും നിരോധനം ഏര്പ്പെടുത്തണമെന്നാവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്. ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്ക് നമോ ആപ്പ് കടന്നു കയറുന്നുണ്ടെന്നും ചവാന് പറഞ്ഞു.
‘130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ 59 ചൈനീസ് ആപ്പുകള്‍ മോദി സര്‍ക്കാര്‍ നിരോധിച്ചത് നല്ല കാര്യം തന്നെ. എന്നാല്‍ അതിനൊപ്പം നമോ ആപ്പും ഇന്ത്യക്കാരുടെ സ്വകാര്യതക്ക് മേല്‍ കടന്നുകയറുന്നുണ്ട്. 22 ഡാറ്റാ പോയന്റുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് അമേരിക്കയിലുള്ള തേര്‍ഡ് പാര്‍ട്ടിക്ക് നല്കുന്നു’-ചൗഹാന് പറഞ്ഞു.
അതേസമയം ഇന്നലെ ടിക്ക് ടോക്ക്, ഷെയര്‍ ചാറ്റ്, ഹലോ അടക്കം 59 ചൈനീസ് ആപ്പുകളാണ് നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.