ബീഹാര്‍: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നിഷ്പ്രഭമാക്കി ബീഹാറില്‍ ആര്.ജെ.ഡി-കോണ്‍ഗ്രസ് സഖ്യം നേട്ടം കൊയ്യുമെന്ന് സര്‍വേ ഫലം. രാജ്യത്തെ പ്രമുഖ സര്‍വേ വിദഗ്ധരായ സ്പിക് മീഡിയ നെറ്റ് വര്‍ക്ക് നടത്തിയ സര്‍വേയിലാണ് ബി.ജെ.പിയെ നിഷ്പ്രഭമാക്കി ആര്.ജെ.ഡി കോണ്‍ഗ്രസ് സഖ്യം 40ല്‍ 29 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചത്. ഇലക്ഷന് മുന്നോടിയായി നടത്തിയ സര്‍വേയില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും നരേന്ദ്രമോദിക്കും ബീഹാറില്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് സര്‍വേ സുചിപ്പിക്കുന്നത്.
തമിഴ്നാട്ടില്‍ സ്പിക് മീഡിയ നടത്തിയ ഫേറ്റ് ഓഫ് ദി നേഷന്‍ സര്‍വേയില്‍ ഡി എം കെ യും എ എം എം കെയും, ബി ജെപി- എ ഐ എഡി എം കെ സഖ്യത്തെ തള്ളി നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചിരുന്നു. സമാനമായി ഫേറ്റ് ഓഫ് ദി ബീഹാര്‍ എന്ന പേരില്‍ നടത്തിയ സര്‍വേയില്‍ ലല്ലു പ്രസാദ് യാദവിന്റെ ആര് ജെ ഡിയും കോണ്‍ഗ്രസുമായുള്ള സഖ്യം ബീഹാറിലെ എന്‍ ഡി എയെ നിഷ്പ്രഭമാക്കുമെന്ന കണക്കുകളാണ് പുറത്തു വിടുന്നത്.
ബീഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ ഇക്കുറി 29 സീറ്റുകളും ആര്.ജെ.ഡി-കോണ്‍ഗ്രസ് സഖ്യം നേടുമെന്നാണ് പ്രവചിക്കുന്നത്. ബി ജെ പിയും നിതീഷ് കുമാറിന്റെ ജനതാദള്‍(യുണൈറ്റഡ്), രാംവിലാസ് പാസ്വാന്റെ ജനശക്തി പാര്‍ട്ടി എന്നിവര്‍ സംയുക്തമായി ഏഴ് സീറ്റുകള്‍ മാത്രമേ നേടൂ എന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ അവശേഷിക്കുന്ന നാലു സീറ്റുകള്‍ ആര് നേടുമെന്ന കാര്യത്തില്‍ സര്‍വേക്ക് ഉറപ്പില്ല.
ആര്.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന് 61 ശതമാനം വോട്ട് ഷെയര്‍ പ്രവചിക്കുമ്പോള്‍ എന്‍ ഡി എ സഖ്യത്തില്‍ നിതീഷ് കുമാറിനാകും ഏറ്റവും കൂടുതല്‍ വോട്ട് ഷെയര്‍ ഉണ്ടാവുക. നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുളള കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തം 243 സീറ്റുകളുള്ളതില്‍ 89 ഇടത്തു മാത്രമാണ് എന്‍.ഡി.എയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുക. ആര്.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന് 149 നിയമസഭാ മണ്ഡലങ്ങളില്‍ അനുകൂലമായ തരംഗംസൃഷ്ടിക്കാനാകും. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ അവസ്ഥ പ്രവചാനാതീതമാണ്.
സര്‍വേ പ്രകാരം ബീഹാറില്‍ നിതീഷ് കുമാറിന്റെ ജനപിന്തുണ കുറഞ്ഞു വരികയാണ്. ആര് ജെ ഡി പ്രതിപക്ഷനേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി പ്രസാദ് യാദവിന്റെ പ്രതിച്ഛായയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ബീഹാറിലെ ഏറ്റവുമധികം ജനസമ്മിതിയുള്ള നേതാവായി തേജസ്വി യാദവിനെ സര്‍വേ ചൂണ്ടിക്കാട്ടുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന്റെ ഭരണത്തിലുള്ള അതൃപ്തിയും ജനങ്ങള്‍ സര്‍വേയിലൂടെ പങ്കുവെക്കുന്നു. 2014-18 കാലത്ത് രാജ്യത്തെ സാമ്പത്തിക ഭദ്രത താഴേക്ക് പോയതായാണ് ജനങ്ങളുടെ വിലയിരുത്തല്‍. ബീഹാര്‍ ജനതയുടെ ആവശ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നീതി പുലര്‍ത്തിയില്ലെന്ന വികാരമാണ് സര്‍വേയില്‍ തെളിഞ്ഞു വന്നത്.
അതേസമയം ഇത്തരം സര്‍വേകളില്‍ തങ്ങള്‍ ഒരു കാലത്തും വിശ്വാസമര്പ്പിച്ചിട്ടില്ലെന്നായിരുന്നു ബീഹാറിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് സ്പിക് മീഡിയയോട് പ്രതികരിച്ചത്. ജൂണ്‍ എട്ട് ഒന്‍പത് തീയതികളിലായി സംഘടിപ്പിച്ച സര്‍വേയില്‍ ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും 1500 പേരെന്ന കണക്കില്‍ 3,64,500 പേരുടെ സാമ്പിള്‍ സര്‍വേയാണ് നടത്തിയത്. 371 വിദഗ്ധ ഫീല്‍ഡ് ഇന്വെസ്റ്റിഗേറ്റേഴ്സുമാരുടെ നേതൃത്വത്തിലാണ സര്‍വേ നടന്നത്.