മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ വിടാതെ പിന്തുടര്ന്ന് പ്രതിസന്ധികള്‍. രാക്കളി രാഷ്ട്രയത്തിലൂടെ അധികാരത്തിലെത്താന്‍ ശ്രമിച്ച ബി.ജെ.പിക്ക് മഹാ വികാസ് അഘാഡി സഖ്യം നല്കിയ കനത്ത തിരിച്ചടിക്ക് പിന്നാലെ മറ്റൊരു നേതാവ് പാര്‍ട്ടിക്ക് വിടാന്‍ ഒരുങ്ങുന്നതായി സൂചന. ബി.ജെ.പി നേതാവും ഫഡ്നാവിസ് മന്ത്രിസഭയിലെ മന്ത്രിയുമായ പങ്കജ് മുണ്ടേ പാര്‍ട്ടി വിടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഒടുവില്‍ പുറത്തുവരുന്നത്. തുടര്‍ന്ന് പങ്കജ് മുണ്ടെ ശിവസേനയ്ക്കൊപ്പം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്തരിച്ച ബി.ജെ.പി നേതാവും പിതാവുമായ ഗോപിനാഥ് മുണ്ടെയുടെ ഓര്‍മ്മദിനമായ ഡിസംബര്‍ 12 ന് മുന്‍പ് താന്‍ നിര്‍ണായക തീരുമാനമെടുക്കുമെന്ന് പങ്കജ് മുണ്ടെ വ്യക്തമാക്കി. അതേസമയം ഇവര്‍ക്കൊപ്പം 12 എം.എല്‍.എമാര്‍ കൂടി ബി.ജെ.പി വിട്ട് ശിവസേന പാളയത്തിലെത്തുമെന്ന് മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ ഗതിമാറ്റങ്ങള്‍ കൃത്യമായി പ്രവചിച്ചുകൊണ്ട് ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന കട്ടാന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 18 നാണ് കട്ടാന്യൂസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം, അജിത് പവാര്‍ എന്‍.സി.പി യെ പിളര്‍ത്തി ബി.ജെ.പി.യുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത നല്കി മൂന്നാംനാള്‍ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.