മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ ആരുടെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന അവകാശവാദവുമായി നടി റിയാ ചക്രബര്‍ത്തിയുടെ അഭിഭാഷകന് രംഗത്ത്. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോക്ക് റിയ നല്കിയ മൊഴിയില്‍ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും എന്‍.സി.ബിയോ മറ്റാരെങ്കിലുമോ റിയ ചക്രവര്‍ത്തി നല്കിയ മൊഴി ചോര്ത്തുകയാണെങ്കില് അത് തീര്‍ത്തും തെറ്റാണെന്നും റിയയുടെ അഭിഭാഷകന് സതീഷ് മനേഷിന്‍ഡെ പറഞ്ഞു.
കേസില്‍ റിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സാറ അലി ഖാന്, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്ന് നേരത്തെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സതീഷ് മനേഷിന്‍ഡെ രംഗത്തെത്തിയത്. ഒരു ടിവി അഭിമുഖത്തിലായിരുന്നു സതീഷിന്റെ വെളിപ്പെടുത്തല്‍.
‘നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോക്ക് റിയ നല്കിയ മൊഴിയില്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. എന്‍.സി.ബിയോ മറ്റാരെങ്കിലുമോ റിയ ചക്രവര്‍ത്തി നല്കിയ മൊഴി ചോര്ത്തുകയാണെങ്കില് അത് തീര്‍ത്തും തെറ്റാണ്. സുശാന്ത് സിംഗ് രാജ്പുത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നതിന് പുറമേ മറ്റാരെക്കുറിച്ചും പരാമര്‍ശിക്കുകയോ ആരോപണം ഉന്നയിക്കുകയോ ചെയ്തിട്ടില്ല’-സതീഷ് പറഞ്ഞു.
കഞ്ചാവിലകളുടെ സത്തില്‍ നിന്ന് നിര്‍മിച്ചിട്ടുള്ള സി.ബി.ഡി ഓയില്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയും അയക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിയയും ജയ സാഹയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളെക്കുറിച്ച് ചോദിച്ചതോടെ അഭിഭാഷകന്റെ പ്രതികരണം. എന്നാല്‍ ഇത് മയക്കുമരുന്നോ ഒരു തരത്തിലുമുള്ള ലഹരിപദാര്‍ത്ഥമോ അല്ലെന്നും അഭിഭാഷകന് ഊന്നിപ്പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി താരങ്ങള്‍ക്കാണ് എന്‍.സി.ബി സമന്‍സ് അയച്ചത്.
ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്, രാകുല്‍ പ്രീത് എന്നിവരോട് മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. ദീപികയോട് സെപ്തംബര്‍ 25നും സാറാ അലി ഖാന്, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരോട് 26നും ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ ടാലന്റ് മാനേജര്‍ ശ്രുതി മോദി, ഡിസൈനര്‍ സൈമണ്‍ കംമ്പട്ട എന്നിവരോട് വ്യാഴാഴ്ചയാണ് ഹാജരാവാനാണ് ആവശ്യപ്പെട്ടത്.