ന്യൂഡല്‍ഹി | ഐ.എന്‍.എക്സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുന്‍ ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ എത്തും. വ്യാഴാഴ്ച പാര്‍ലമെന്റില്‍ നടക്കുന്ന ശീതകാല സമ്മേളനത്തിലാണ് ചിദംബരം എത്തുന്നതെന്ന് മകന് കാര്‍ത്തി ചിദംബരം വ്യക്തമാക്കി. ഇന്ന് രാവിലെയായിരുന്നു ഐ.എന്‍.എക്സ് മീഡിയ കേസില്‍ സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.
കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗമാണ് പി.ചിദംബരം. ജസ്റ്റിസ്.ആര്.ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം രാജ്യം വിട്ടുപോകാന്‍ ചിദംബരം മുന്‍കൂര്‍ അനുമതി നേടണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും, ഇതേ തുകയില്‍ മറ്റ് രണ്ട് പേരെയും ജാമ്യത്തില്‍ നിര്‍ത്തിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ഇതിന് പുറമെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും, കേസിനെക്കുറിച്ച് പ്രസ്താവനകള്‍ നല്‍കുന്നതിനും വിലക്കുണ്ട്. തെളിവ് നശിപ്പിക്കാനായി ദൃക്സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ചിദംബരത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ ജയിലില്‍ കിടക്കുന്ന ചിദംബരത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ ട്വിറ്ററില്‍ അഭിപ്രായം പങ്കുവെയ്ക്കുന്നത് പതിവായിരുന്നു. പാര്‍ലമെന്റില്‍ തിരിച്ചെത്തുന്ന ചിദംബരം കേന്ദ്ര സര്‍ക്കാരിന്റെ ഈ അവസ്ഥ പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാണ്.