ബീജിംഗ്: ചൈനയുടെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയുടെ തുടര്‍ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സംഘടിപ്പിച്ച ലൈവ് പ്രസംഗത്തിനിടെ നിര്‍ത്താതെ ചുമച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. പ്രസിഡന്റ് ചുമക്കുന്നത് ലൈവായി കാണിക്കാതിരിക്കാന്‍ ചൈനീസ് ടെലിവിഷന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇതേതുടര്‍ന്ന് കൊവിഡാണോ എന്ന ചോദ്യമെറിഞ്ഞ് ഉടന്‍ രംഗത്തെത്തിയിരിക്കുകയാണ് നെറ്റിസണ്‍സ്.
നൂറുകണക്കിനുപേര്‍ അണിനിരന്ന വിശാലമായ ഹാളില്‍ നടന്ന പരിപാടിയില്‍ എല്ലാവരും മാസ്ക്വച്ച് അച്ചടക്കത്തോടെയായിരുന്നു പരിപാടിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. അതേസമയം ചുമയുടെ ശബ്ദം മൈക്കിലൂടെ കേള്‍ക്കുന്നുമുണ്ടായിരുന്നു. കര്‍ശന നിയന്ത്രണങ്ങളുള്ള ചൈനീസ് മാധ്യമങ്ങളില്‍ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ചൈനാ വിമര്‍ശകര്‍ പ്രസിഡന്റിന്റെ ആരോഗ്യത്തെകുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഹോങ്കോങ് അനുകൂല, കമ്മ്യൂണിസ്റ്റ് വിരുദ്ധ ചാനലായ ആപ്പിള്‍ ടിവി, തായ്വാന് ടിവി സ്റ്റേഷനുകള്‍ എന്നിവ ചുമയുടെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് സംപ്രേക്ഷണം ചെയ്തു. ‘ഷെന്‍ഷെന്‍ ഇവന്റില്‍ ജിന്‍പിങിന്റെ ചുമ’എന്ന തലക്കെട്ടില്‍ പ്രത്യേക സ്റ്റോറി ആപ്പിള്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. പ്രസംഗത്തിനിടയില്‍ ‘ധാരാളം വെള്ളം കുടിക്കുകയുംം ആവര്‍ത്തിച്ച് ചുമക്കുകയും ചെയ്ത’തായും അവര്‍ പറഞ്ഞു.
പ്രസിഡന്റ് ചുമ കാരണം പ്രസംഗം നിര്ത്തുമ്പോഴെല്ലാം ചൈനീസ് ടി.വി മേശയ്ക്കപ്പുറത്ത് ഇരിക്കുന്ന അതിഥികളിലേക്ക് ക്യാമറ തിരിച്ചതായി ചില പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെക്കന്‍ ചൈനയിലേക്കുള്ള പര്യടനത്തിനിടയിലാണ് പ്രസിഡന്റ് ഷെന്‍സെന്‍ സന്ദര്‍ശിച്ചത്. നിലവില്‍ പ്രതിദിനം ഒരു ഡസനോളം കോവിഡ് കേസുകള്‍ ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.