ബെംഗളൂരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പരാജയത്തിലേക്ക് പോകാന്‍ കാരണം പുല്‍വാമ ആക്രമണത്തെ മുന്‍നിര്‍ത്തി ബി.ജെ.പി ഉണ്ടാക്കിയ ദേശീയത ഭ്രമത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിയാഞ്ഞതാണെന്ന് പാര്‍ട്ടിയുടെ കണ്ടെത്തല്‍. പുല്‍വാമ ആക്രമണത്തോട് ഹിന്ദുത്വ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആര്.എസ്.എസിനെ പോലെയുള്ള പ്രചരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള പ്രചരണം നടത്തിയെന്ന് അന്വേഷണ സമിതിയിലെ ഒരംഗം ദ ഹിന്ദുവിനോട് പറഞ്ഞു.
18 ലോക്സഭ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് അഞ്ചംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു ഹിന്ദു എങ്ങനെയാണെങ്കിലും മരിച്ചാല്‍ അതില്‍ ഒരു മുസ്ലിമിന്റെ കയ്യുണ്ടെന്ന് ചാര്‍ത്തി ആളുകളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍, താഴെ തട്ടില്‍ ഇതാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉഡുപ്പി, മംഗളൂരു, ഉത്തര കന്നഡ, ശിവമോഗ എന്നിവയടക്കമുള്ള തീരദേശ മേഖലയിലൂടെ സന്ദര്‍ശനം നടത്തിയപ്പോള്‍ കണ്ടെത്തിയ ഒരു കാര്യം, ആര്.എസ്.എസ് അടക്കമുള്ള ബി.ജെ.പി അനുകൂല സംഘടനകള്‍ തെരുവില്‍ യാദ്യശ്ചികമായി നടക്കുന്ന സംഭവങ്ങളെ പോലും വര്‍ഗീയവത്കരിക്കുന്നു എന്നതാണ്.
കോണ്‍ഗ്രസ് വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് വോട്ട് തേടിയത്. ബി.ജെ.പി പുല്‍വാമ ആക്രമണത്തെ മുന്‍നിര്‍ത്തിയും. ഇതിനെ ചെറുക്കണമെന്ന് ഞങ്ങള്‍ ആലോചിച്ചില്ല. എന്‍.ഡി.എ ഭരണകാലത്താണ് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്നത്. സൈനിക താവളങ്ങളായ ഉറിയും പത്താന്‍കോട്ടും ആക്രമിക്കപ്പെട്ടതും എന്‍.ഡി.എ ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുന്നതായിരുന്നു നല്ലതെന്നും ജനതാദള്‍ വോട്ടുകള്‍ ബി.ജെ.പിക്ക്, പ്രത്യേകിച്ച് പഴയ മൈസൂര്‍ മേഖലയില്‍ ഒഴുകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ 12,064 വോട്ട് മാത്രം നേടിയ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ബി.ജെ.പി ഭൂരിപക്ഷം നേടിയത് എങ്ങനെയെന്ന് അന്വേഷണ സമിതി അംഗം ചോദിക്കുന്നു.