മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്ന് ബി.ജെ.പി എം.പി അനന്ദ് കുമാര്‍ ഹെഗ്ഡെ. ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഇന്ത്യാ ടുഡെയോട് ഹെഗ്ഡെ വെളിപ്പെടുത്തി.
ഈ തുക തിരിച്ചു നല്കാന് ഫട്നാവിസ് 15 മണിക്കൂര്‍ സമയമെടുത്തെന്നും ഫണ്ട് സംരക്ഷിക്കാന്‍ ബി.ജെ.പി നടത്തിയ നാടകമാണ് ഫട്നാവിസിന്റെ സത്യപ്രതിജ്ഞയെന്നും ഹെഗ്ഡെ പറഞ്ഞു. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ വിഭാഗവുമായി ചേര്‍ന്ന് ബി.ജെ.പി മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ 80 മണിക്കൂറിനുള്ളില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തവര്‍ രാജി വെക്കുകയായിരുന്നു.