ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി അന്വേഷണത്തോട് പൂര്‍ണമായും സഹരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ബെംഗളൂരു നിംഹാന്‍സിലെ വനിതാ ഹോമില്‍ പാര്‍പ്പിച്ച നടിയെ സി.സി.ബിയിലെ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇതുവരെ നിശാപാര്‍ട്ടികളില്‍ പങ്കെടുത്തെന്നതല്ലാതെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന വാദത്തില്‍ രാഗിണി ഉറച്ചുനില്‍ക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
വെള്ളിയാഴ്ച നടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സിഗരറ്റുകള്‍ കണ്ടെടുത്തിരുന്നു. ഇവയുടെ ഫോറന്‍സിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. സിനിമ താരങ്ങളടക്കം പങ്കെടുത്തിരുന്ന നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രവിശങ്കറുമായി നടിക്കുള്ള ബന്ധത്തെകുറിച്ച വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. രവിശങ്കറിന്റെ മൊഴിയും ഇയാളില്‍നിന്ന് പിടിച്ചെടുത്ത രേഖകളും നിര്‍ണായകമാവും.
കന്നഡ സിനിമ മേഖലയിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സി.സി.ബി രജിസ്റ്റര്‍ ചെയ്ത എഫ്.െഎ.ആറില്‍ 12 പ്രതികളാണുള്ളത്. ഒന്നാം പ്രതി ശിവപ്രകാശ് നടി രാഗിണി ദ്വിവേദിയുടെ മുന്‍ സുഹൃത്താണെന്നും ബംഗളൂരുവിലെ പ്രാന്തപ്രദേശങ്ങളിലെ ഫാംഹൗസുകളില്‍ നിശാപാര്‍ട്ടികളില്‍ ഇരുവരും പങ്കെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നടിയുടെ ഇപ്പോഴത്തെ സുഹൃത്തായ രവിശങ്കറും ശിവപ്രകാശും 2019 മാര്‍ച്ചില്‍ ബംഗളൂരു അശോക് നഗറിലെ ഹോട്ടലില്‍ നടിയുടെ സാന്നിധ്യത്തില്‍ അടിപിടി നടന്നതായി പൊലീസ് കേസുണ്ട്.
ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായി നിശാപാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന മൂന്നാം പ്രതി വിരേന്‍ ഖന്നക്ക് രണ്ടു വര്‍ഷം മുമ്പ് നടി രാഗിണിയെ പരിചയപ്പെടുത്തിയത് രവിശങ്കറാണ്. തുടര്‍ന്ന് ഇയാളുടെ പാര്‍ട്ടികളില്‍ രവിശങ്കറും രാഗിണിയും ഒന്നിച്ച് പങ്കെടുത്തിരുന്നു. പ്രതിപ്പട്ടികയിലുള്ളള ആദിത്യ ആല്‍വയുമായും വിരേന്‍ ഖന്നക്ക് പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടികളില്‍ ആദിത്യ പങ്കെടുത്തിരുന്നതായി സംശയിക്കുന്നതായും സി.സി.ബി പറഞ്ഞു.