ഷാജഹാന്‍പൂര്‍: യു.പിയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതി പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം.
ജലാലാബാദ് പോലീസ് സ്റ്റേഷന് പരിധിക്കുള്ളില്‍ താമസിക്കുന്ന 35 കാരിയായ യുവതിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. നവംബര്‍ 30 ന് അഞ്ച് പേര് ചേര്‍ന്ന് തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയെന്നും സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും പരാതി നല്‍കാനായി ജലാലാബാദ് പോലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു യുവതി.
എന്നാല്‍ സ്റ്റേഷനിലെത്തിയ യുവതിയെ സബ് ഇന്‍സ്പെക്ടര്‍ തന്നെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. അതേസമയം യുവതിയുടെ പരാതിയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അവിനാശ് ചന്ദ്ര അന്വേഷണത്തിന് ഉത്തരവിട്ടു. പരാതി തെളിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.