ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണം ലഭിച്ചേക്കില്ലെന്ന് ആര്.എസ്.എസിന് ഭയം. എന്നാല്‍ ആ ഭയം മറ്റ് രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനമല്ല, അത് ബി.ജെ.പിക്ക് അകത്ത് നിന്ന് തന്നെയാണെന്നാണ് കാരണം. ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ നേതൃത്വത്തിന് കീഴില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിന് ശക്തമായിരിക്കുകയാണ്.
ഇതേതുടര്‍ന്ന് എളുപ്പത്തില്‍ വിജയിക്കാവുന്ന അവസ്ഥയില്‍ നിന്ന് തെരഞ്ഞെടുപ്പ് തോല്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുമോ എന്നാണ് ആര്.എസ്.എസിന് ഭയമെന്ന് ഒരു ആര്.എസ്.എസ് സംഘടന നേതാവിനെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിവാരിക്ക് സംഘടന പ്രവര്‍ത്തനത്തില്‍ അത്ര പരിജയം പോരെ, അദ്ദേഹം ആവശ്യമില്ലാത്ത തരത്തിലാണ് ഈ വിഷയത്തെ നോക്കികാണുന്നതെന്ന് അദ്ദേഹം പറയുന്നു.
അതേസമയം ഡല്‍ഹിക്ക് പുറത്തുനിന്നൊരാള്‍ നയിച്ചാല്‍ ഉള്‍പ്പോര് കുറയാന്‍ സാധ്യതയുണ്ട്. തിവാരിയെ നിയമിക്കുമ്പോള്‍ കരുതിയിരുന്നത് പൂര്‍വാഞ്ചല്‍ വോട്ടുകള്‍ ആകര്‍ഷിക്കാനും കഴിയുമെന്നായിരുന്നു. എന്നാല്‍ മറിച്ചായിരുന്നു ഫലമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നര്‍ത്തകിയായ സ്വപ്ന ചൗധരിക്ക് പാര്‍ട്ടി അംഗത്വം നല്കിയ തിവാരിയുടെ നടപടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് തന്നെ എതിര്‍പ്പുണ്ടെന്ന് മറ്റൊരു ബി.ജെ.പി നേതാവ് പറഞ്ഞു.
പാട്ട് പാടി നിങ്ങള്‍ക്കൊരു തിരഞ്ഞെടുപ്പ് വിജയിക്കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടിയെ ഗായകസംഘത്തെ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ലെന്നും തിവാരി ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തിവാരിക്ക് മുമ്പുണ്ടായിരുന്ന മറ്റ് ബി.ജെ.പി അധ്യക്ഷന്മാരെല്ലാം പാര്‍ട്ടി ഓഫീസില്‍ ഒരു മണിക്കൂറെങ്കിലും ചിലവഴിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം ഇതിനൊന്നും യാതൊരു താല്പര്യവും കാണിക്കുന്നതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നവംബര്‍ മാസത്തില്‍ ബി.ജെ.പി സംഘടന തെരഞ്ഞെടുപ്പ് നടക്കും. ഇതില്‍ പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കും എന്നാണ് കരുതുന്നത്.