ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന വേളയില്‍ വിവിധ രാജ്യങ്ങളിലെ നഴ്സുമാരുമായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സന്തോഷം പങ്കുവെച്ച് ഡല്‍ഹി എയിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് വിപിന്‍ കൃഷ്ണന്. ജീവന് വരെ നഷ്ടപ്പെടാവുന്ന അവസ്ഥയിലും അതിനെ വകവെക്കാതെ കൊവിഡ്-19 നെതിരെ നടത്തിയ പോരാട്ടവും നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചുമായിരുന്നു തങ്ങള്‍ രാഹുല്‍ ഗാന്ധിയോട് സംസാരിച്ചതെന്ന് വിപിന്‍ കൃഷ്ണന് ഔട്ട്ലുക്കിനോട് പ്രതികരിച്ചു
ഡോക്ടേഴ്സ് ഡേയില്‍ നാല് ആരോഗ്യപ്രവര്‍ത്തകരില്‍ സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തവരില്‍ ഒരാളായിരുന്നു കോഴിക്കോട് സ്വദേശിയായ വിപിന്‍ കൃഷ്ണനും. വീഡിയോ കോണ്‍ഫറന്‍സില്‍ രാജ്യത്തെ നഴ്സുമാരെ പ്രതിനിധീകരിച്ച് സംസാരിക്കാനായതില്‍ താന്‍ സന്തോഷിക്കുകയും അതിലുപരി അഭിമാനിക്കുകയും ചെയ്യുവെന്ന് വിപിന്‍ പറഞ്ഞു. ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഒരു പൊതുവേദിയില്‍ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതെന്നും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കൂടുതല്‍ ചര്‍ച്ചകളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിപിന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമായാണ് കണക്കാക്കുന്നതെന്നും പറഞ്ഞ വിപിന്‍ വര്‍ഷങ്ങളായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള വിവേചനപരമായ മനോഭാവവും ശമ്പള അസമത്വവും ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും നഴ്സിംഗ് സമൂഹത്തെ സംബന്ധിച്ച് ഇത്തരമൊരു സംവാദം പോലും വളരെ പ്രധാനമാണ്, കാരണം ഇത്തരമൊരു സംഭാഷണത്തിനായി തയ്യാറായത് രാജ്യത്തെ മികച്ച രാഷ്ട്രീയക്കാരില്‍ ഒരാളാണെന്നത് തന്നെയാണെന്നും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് നല്ല ധാരണയുണ്ടെന്നും വിപിന്‍ പറഞ്ഞു.
ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് ഈ യുദ്ധത്തില്‍ ഒരിക്കലും അംഗീകാരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള നഴ്സുമാര്‍ ഇത് ഒരു വലിയ അംഗീകാരമായി കണക്കാക്കുകയാണ്, വിപിന്‍ പറഞ്ഞു. കൊവിഡ് ഇന്ത്യയില്‍ ഇത്രേയറെ രൂക്ഷമാകാനുള്ള സാഹചര്യത്തെ കുറിച്ചും ആരോഗ്യപ്രവര്‍ത്തകരുടെ അഭാവത്തെ കുറിച്ചുമെല്ലാം അദ്ദേഹം ചോദിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അതിനായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ചര്‍ച്ചയുണ്ടായി.
അതേസമയം കഴിഞ്ഞ പത്ത് വര്‍ഷമായി എയിംസില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. എയിംസിലെ നഴ്സസ് യൂണിയന്റെ മുന്‍ ഭാരവാഹി കൂടിയായ വിപിന്‍ കൃഷ്ണന്, രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമായാണ് കണക്കാക്കുന്നതെന്നും അഭിപ്രായപ്പെട്ടു.