കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം പിന്നിട്ടും മരണത്തിലെ ദുരൂഹതകളും ചോദ്യങ്ങളും ബാക്കിയാക്കിയാണ്. എന്നാല്‍ സംഭവസ്ഥലത്ത് അവിചാരിതമായി എത്തിയ കലാഭവന്‍ സോബി ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ചാലക്കുടിയില്‍ നിന്ന് തിരുനല്‍വേലിയിലേക്കുള്ള യാത്രാ മധ്യേയായിരുന്നു അപകടത്തിന് താന്‍ ദൃക്സാക്ഷിയാകേണ്ടിവന്നതെന്ന് സോബി പറയുന്നു.
ഉദ്ദേശം 12.30 ഓടെ ഉറക്കം വന്നതോടെ മംഗലപുരത്ത് വണ്ടി നിര്‍ത്തി ഉറങ്ങാന്‍ തുടങ്ങിയെന്നും 3.15 ആയപ്പോള്‍ ഒരു വെള്ള സ്കോര്‍പ്പിയോയില്‍ കുറച്ചു പേര് വന്നിറങ്ങുകയും അതുകഴിഞ്ഞ് നീല സ്കോര്‍പ്പിയോ വന്ന് മരത്തില്‍ ഇടിച്ചവെന്നും ഒരാള്‍ സ്കോര്‍പ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് താന്‍ വ്യക്തമായി കണ്ടുവെന്നും സോബി പറയുന്നു. തുടര്‍ന്നെത്തിയ ഒരു സ്കോര്‍പ്പിയോ കാറില്‍ പത്തുപന്ത്രണ്ട് പേര് ഉണ്ടായിരുന്നുവെന്നും അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് താന്‍ പോയെന്നും സോബി പറയുന്നു.
തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്ത് നിന്ന് അതിവേഗതയില്‍ ഒരു വണ്ടി വരുന്നത് കണ്ടുവെന്നും വണ്ടിയേതാണെന്ന് പോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്കായിരുന്നു അതെന്നും പിന്നീട് ഏകദേശം ഒന്നര കിലോമീറ്റര്‍ കടന്നപ്പോള്‍ താന്‍ സഞ്ചരിച്ചിരുന്ന കാര്‍ ബാലഭാസ്കറിന്റെ വാഹനാപകടം നടന്ന സ്ഥലത്തെത്തിയെന്നും ഒരു നീല വണ്ടി മറിഞ്ഞുകിടക്കുന്നതായി കണ്ടുവെന്നും സോബി പറയുന്നു. സാധാരണഗതിയില്‍ ഒരു അപകടം കണ്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നയാളാണ് താന്‍. എന്നാല്‍ വണ്ടിനിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ കുറച്ച് ആളുകളെത്തി വണ്ടിയുടെ ഡോര്‍ അടയ്ക്കുകയും ബോണറ്റില്‍ അടിക്കുകയും വടിവാളുകൊണ്ടുവന്ന് ആക്രോശിക്കുകയും വിട്ടുപോകാന്‍ പറയുകയും ചെയ്തുവെന്ന് സോബി പറയുന്നു.
പിന്നീട് അവിടെ കണ്ട രണ്ടുമൂന്ന് മുഖങ്ങള്‍ തന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ടെന്ന് സോബി പറഞ്ഞു. അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് ഇടതുവശത്ത് കൂടി ഒരു പയ്യന് ഓടി പോകുന്നതും വലതുവശത്ത് തടിച്ച ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും കണ്ടുവെന്നും ഈ രണ്ടുപേരുടെ മുഖം താന്‍ ഇതുവരെ മറന്നിട്ടില്ലെന്നും സോബി പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ബാലഭാസ്ക്കറിന്റെ മാനേജര്‍ തമ്പിയോട് പറഞ്ഞപ്പോള്‍ അയാള്‍ അവഗണിക്കുകയാണ് ചെയ്തതെന്നും പിന്നീട് കുറച്ചുകഴിഞ്ഞ് ആറ്റിങ്ങല്‍ സിഐ വിളിക്കുമെന്ന് തന്നോട് പറയുകയും ചെയ്തു. എന്നാല്‍ ആരും തന്നെ വിളിച്ചില്ലെന്നും സോബി പറയുന്നു.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തനിക്ക് ഭീഷണിയുണ്ടായിരുന്നു. 2019 മുതല്‍ അത് ഉണ്ടെന്നും അടുത്ത ദിവസം വരെ അടുത്ത് തുടര്‍ന്നുകൊണ്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. ‘എനിക്ക് ഭീഷണി 2019 മുതലുണ്ട്. അതിനിടയ്ക്ക് മധ്യസ്ഥ ചര്‍ച്ചയ്ക്കും ആളുവന്നു. ചേട്ടന് ഇനി കണ്ട കാര്യങ്ങളില്‍ പ്രതികരിക്കരുതെന്നാണ് പറഞ്ഞത്. സിബിഐക്ക് മൊഴി കൊടുക്കാന്‍ താന്‍ ഉണ്ടാകില്ലെന്ന് വരെ ഭീഷണി കോളുകള്‍ വന്നു’ സോബി പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം ബാലഭാസ്ക്കറിന്റെ ശരീരത്തിലുണ്ടായിരുന്ന 23 മുറിവുകളില്‍ ചിലത് അപകടത്തിന് മുമ്പ് സംഭവിച്ചതാകാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളിലെ സൂചനകള്‍ പുറത്തുവന്നിരുന്നു.
കേസില്‍ ദുരൂഹതയില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനെതിരെ പിതാവ് കെ.സി ഉണ്ണി രംഗത്തുവന്നതോടെയാണ് ബാലഭാസ്ക്കറിന്റെ മരണം വീണ്ടും ചര്‍ച്ചയായത്. സംഭവത്തില്‍ സി.ബി.ഐ മൂന്നോട്ട് വയ്ക്കുന്ന സംശയങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വാഹനമോടിച്ചത് ആരെന്നും എന്നാല്‍ അപകടം നടന്നപ്പോള്‍ വണ്ടി ഓടിച്ചത് താനല്ല എന്ന് ഡ്രൈവര്‍ അര്ജുന് ആവര്ത്തിക്കുന്നതെന്തിനെന്നും വണ്ടി അപകടത്തില്‍പെട്ടതിനെ തുടര്‍ന്നുള്ള നിയമനടപടികള്‍ പേടിച്ച് മാത്രമാണോ ബാലഭാസ്കറാണ് ഡ്രൈവ് ചെയ്തതെന്ന് അര്ജുന് പറഞ്ഞത് എന്നിങ്ങനെ തുടങ്ങി നിരവധി സംശയങ്ങളാണ് സി.ബി.ഐ മുന്നോട്ടുവെക്കുന്നത്.