കണ്ണൂര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിയ തങ്ങള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. താമസസ്ഥലത്ത് നിന്നും കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ട്രെയിനില്ലെങ്കില്‍ ബസ് സൗകര്യമെങ്കിലും ഏര്‍പ്പെടുത്തി തരണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസറും തഹസില്‍ദാരും മറ്റു പൊലീസുദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
വളപട്ടണത്തു നിന്നും റെയില്‍ പാളത്തിലൂടെ നടന്നായിരുന്നു 100ഓളം പേരടങ്ങുന്ന സംഘം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. അതേസമയം ഭക്ഷണം കിട്ടാത്ത സാഹചര്യമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇവിടെ നിന്നു പോകാന്‍ താത്പര്യപ്പെടുന്ന എല്ലാവരെയും ട്രെയിനുകള്‍ അയക്കുന്ന മുറയ്ക്ക് നാട്ടിലേക്കയക്കണമെന്നാണ് ജില്ലാ ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി