ശ്രീനഗര്‍: കശ്മീരിലെ സോപോറില്‍ കാര്‍ യാത്രികന് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ആര്.പി.എഫിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കൊല്ലപ്പെട്ട കാര്‍ യാത്രികന് ബഷീര്‍ അഹമ്മദ് ഖാനെ സായുധ സേനാംഗങ്ങള്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവെക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെടുമ്പോള്‍ ബഷീറിനൊപ്പം ഉണ്ടായിരുന്നത് മൂന്ന് വയസ്സുകാരന് ചെറുമകന് മാത്രമായിരുന്നു. ഇതുസംബന്ധിച്ച വീഡിയോയും വയര്‍ പുറത്തുവിട്ടു.
ബഷീര്‍ കൊലപ്പെടുത്തിയ ശേഷം മൂന്നുവയസ്സുകാരനായ ചെറുമകനെ മൃതദേഹത്തിനരികെ വെച്ച് ഫോട്ടോ എടുത്തുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സോപോറില്‍ ടൗണില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ സായുധരും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നിരുന്നു. എന്നാല്‍ സായുധരുടെ വെടിയേറ്റാണ് ബഷീര്‍ കൊല്ലപ്പെട്ടത് എന്നാണ് സൈന്യം അറിയിച്ചത്.
എന്നാല്‍ ഇതിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. സൈനികരാണ് ബഷീറിനെ കൊന്നതെന്നും അതിന് ശേഷം മകനെ പിതാവിന്റെ ശരീരത്തിലിരുത്തുകയുമാണ് അവര്‍ ചെയ്തതെന്നും ബഷീറിന്റെ മകള്‍ പറഞ്ഞതായി കശ്മീര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് വ്യക്തതക്ക് വേണ്ടി കുടുംബത്തെ സമീപിച്ച ദ വയറിനോട് ചെറുമകന് പറഞ്ഞതിങ്ങനെ; മുത്തച്ഛന് വെടിയേറ്റതാണെന്നും പൊലീസാണ് വെടിവെച്ചതെന്നും കുട്ടി പറയുന്നു.
‘പാപാക്ക് വെടിയേറ്റതാണ്,’- മുത്തച്ഛന് എന്താണ് പറ്റിയതെന്ന റിപ്പോര്ട്ടരുടെ ചോദ്യത്തിന് കുട്ടി മറുപടി പറയുന്നത്. ആരാണ് വെടിവെച്ചത്?-‘പൊലീസ്’, കുട്ടി മറുപടി പറയുന്നു. അതേസമയം സംഭവത്തില്‍ ബഷീറിന്റെ മകന്റെ പ്രതികരണം ഇങ്ങനെ; ‘പിതാവ് കൊല്ലപ്പെട്ടത് സായുധരുടെ വെടിയേറ്റല്ല, കാറില്‍ നിന്നും വലിച്ചിറക്കി വെടിവെക്കുകയായിരുന്നു’. എന്നാല്‍ കുടുംബത്തിന്റെ വാദത്തിനെതിരെ സോപോര്‍ എസ്.എസ്.പി ജവൈദ് ഇഖ്ബാല്‍ രംഗത്തെത്തി.
കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നും സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്ന് വലിച്ചിഴച്ച് വെടിവച്ചുകൊന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും എസ്.എസ്.പി ജവൈദ് ഇഖ്ബാല്‍ പറഞ്ഞു. അതേസമയം ബഷീറിന്റെ നെഞ്ചിലിരിക്കുന്ന ചെറുമകന് ഹയാതിന്റെ ഫോട്ടോ ആരാണ് പ്രചരിപ്പിച്ചതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചോക്ലേറ്റുകളും ബിസ്കറ്റും നല്കി സംഭവസ്ഥലത്തു നിന്നും ഹയാതിനെ മാറ്റുന്നതിന്റെ വീഡിയോയും ഇതോടൊപ്പം വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.