തിരുവനന്തപുരം: ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കും ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദും തന്റെ മകന് ബിനീഷ് കോടിയേരിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും ബിനീഷ് തെറ്റുകാരനെങ്കില്‍ സംരക്ഷിക്കില്ലെന്നും കോടിയേരി പ്രതികരിച്ചു.
‘പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അല്പായുസ് മാത്രമേ ഉണ്ടാകൂ. കേന്ദ്ര ഏജന്‍സികള്‍ എല്ലാ കാര്യവും അന്വേഷിക്കട്ടെ. തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം. തെറ്റുകാരനെങ്കില്‍ നിയമനടപടി സ്വീകരിക്കട്ട. ശിക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ ശിക്ഷിക്കട്ടെ. തൂക്കിക്കൊല്ലേണ്ട കുറ്റമാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ’-കോടിയേരി പറഞ്ഞു.
തന്നെ മാനസികമായി തകര്‍ക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്നും ഇതെല്ലാം നേരിടാന്‍ തയ്യാറായിട്ടാണ് ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഒരു കമ്യൂണിസ്റ്റുകാരന് പല തരത്തിലുമുള്ള ആക്രമണം നേരിടേണ്ടി വരും. സര്‍ക്കാരിനു കീഴില്‍ ക്രമസമാധാന നില ഭദ്രമാണ്. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണ്’- കോടിയേരി വിശദീകരിച്ചു.