മുംബൈ: ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ താക്കീത് ചെയ്ത് കോടതി. കോടതിയില്‍ മാന്യത പുലര്‍ത്തണമെന്നും കേസിലെ പ്രതിയായിട്ടാണ് കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത് എന്ന് മറക്കരുതെന്നും കോടതി അര്‍ണബിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്ത അര്‍ണബിനെ അന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നടപടികള്‍ പുര്‍ത്തിയാക്കുന്നതിനിടെ നടത്തിയ ഇടപെടലുകളില്‍ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു കോടതി താക്കീത് ചെയ്തത്.
‘കോടതിയില്‍ മാന്യത പുലര്‍ത്തണം. കേസിലെ പ്രതിയായിട്ടാണ് കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത് എന്ന് മറക്കരുത്. നടപടികളെ തടസപ്പെടുത്തരുത്’- അലിബാഗ് കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് സുനൈന പിംഗലെ പറഞ്ഞു. ബുധനാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മജിസ്ട്രേറ്റിന്റെ പരാമര്‍ശം. പൊലീസ് നടപടിയില്‍ തനിക്ക് പരിക്കേറ്റെന്ന് ജഡ്ജിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അര്‍ണബ്. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കോടതിയില്‍ സജ്ജീകരിച്ച പ്ലാസ്റ്റിക് ഷീല്‍ഡ് മറികടക്കാന്‍ അര്‍ണബ് ശ്രമിച്ചു.
തുടര്‍ന്ന് അര്‍ണബിന്റെ അഭിഭാഷകന് കേസില്‍ ഹാജരാകുമ്പോള്‍ വീണ്ടും ഇടപെട്ടു. മജിസ്ട്രേറ്റിനെ പരിക്കേറ്റ അടയാളങ്ങള്‍ കാണിക്കാന്‍ ശബ്ദം ഉയര്‍ത്തുകയും, കൈ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതോടെയാണ് മജിസ്ട്രേറ്റ് ഇടപെട്ടതും, കോടതിയില്‍ മാന്യത പുലര്‍ത്തണമെന്ന് താക്കീത് നല്കിയതും, നായിക് പറയുന്നു. ഇതിന് ശേഷവും അര്‍ണബ് ഇത്തരം നടപടികള്‍ തുടര്‍ന്നു. മെഡിക്കല്‍ ഓഫീസറില്‍ നിന്നും മജിസ്ട്രേറ്റ് വിവരങ്ങള്‍ തേടുമ്പോഴായിരുന്നു അര്‍ണബ് വീണ്ടും നടപടികള്‍ തടസ്സപ്പെടുത്താന്‍ മുതിര്‍ന്നത്.
ഡോക്ടര്‍ കള്ളം പറയുകയാണെന്ന് വിളിച്ച് പറഞ്ഞു. ഇതോടെ കോടതി മുറിയില്‍ നിന്നും പുറത്താക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് മജിസ്ട്രേറ്റ് വീണ്ടും വ്യക്തമാക്കി. അഭിഭാഷകന്റെ വാദം മാത്രം കേള്‍ക്കും എന്നായിരുന്നു മജിസ്ട്രേറ്റിന്റെ പ്രതികരണം ശേഷം അര്‍ണബ് നിശ്ശബ്ദനാവുകയും ചെയ്തു.
കോടതി നടപടികളുടെ വോയ്സ് റെക്കോഡ് ചെയ്തെന്നാരോപിച്ച് അര്‍ണബ് ഗോസ്വാമിയുടെ ഭാര്യ സാമ്യബ്രതയോട് മജിസ്ട്രേറ്റ് പുറത്ത് പോവാന്‍ ആവശ്യപ്പെട്ട സംഭവവും കോടതിയില്‍ ഉണ്ടായി. ബിജെപി എംഎല്‍എ രാഹുല്‍ നര്‍വേക്കറിനോടും ഇതേ നിര്‍ദേശം നല്കി. ഉത്തരവ് വായിക്കുന്നതിനിടെ കോടതി മുറിയില്‍ വെച്ച് ശീതള പാനീയം കുടിക്കാന്‍ ശ്രമിച്ചതിന് അര്‍ണബിനോട് പൊലീസ് ഉദ്യോഗസ്ഥന് കോടതിമുറിക്ക് പുറത്ത് പോവാനും നിര്‍ദേശിച്ചിരുന്നു.