ന്യൂഡല്‍ഹി: ബോളിവുഡ് നടി മലൈക്ക അറോറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ നടന് അര്ജുന് കപൂറിനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലൈക്ക അറോറക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. തനിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലക്ഷണങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയോട് മലൈക്ക പറഞ്ഞു.
‘അതെ, എനിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. കൊവിഡ് പരിശോധനയിലാണ് ഫലം പൊസിറ്റീവായത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. പഴയതുപോലെ ഊര്‍ജസ്വലതയോടെ വേഗം തിരിച്ചുവരും’ മലൈക്ക ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
നേരത്തെ അര്ജുന് കപൂറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അര്ജുന് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിവരം പുറത്തുവിട്ടത്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയുമായിരുന്നുവെന്നും താരം പറഞ്ഞു.
‘കൊവിഡ് പോസിറ്റീവ് ആയ വിവരം ഏവരെയും അറിയിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്, ഏവര്‍ക്കും നന്ദി. ആരോഗ്യവിവരങ്ങള്‍ നിങ്ങളെ അപ്പപ്പോള്‍ തന്നെ അറിയിക്കുന്നതാണ്’, അര്ജുന് കപൂര്‍ പറഞ്ഞു. ഡോക്ടറുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരം വീട്ടില്‍ ക്വാറന്റൈനിലാണ് ഇദ്ദേഹമിപ്പോള്‍.