വാഷിംഗ്ടണ്‍: കൊവിഡ് 19 ല്‍ ചൈനക്കെതിരെ വീണ്ടും അമേരിക്ക. വൈറസിന് പിന്നില്‍ ചൈനയാണെന്ന് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.തനിക്ക് ചൈനയോടുള്ള ദേഷ്യം കൂടി വരികയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. രാജ്യത്തെ ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് കൊവിഡിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചൈനക്കെതിരെ ആഞ്ഞടിച്ച് ട്രംപ് വീണ്ടും രംഗത്തെത്തിയത്.
തന്റെ രാജ്യമുള്‍പ്പെടെ കനത്ത നഷ്ടമുണ്ടാക്കി കൊവിഡ് അതിന്റെ വൃത്തിക്കെട്ട മുഖത്തോടെ ലോകത്താകെ വ്യാപിക്കുന്നത് കാണുമ്പോള്‍, തനിക്ക് ചൈനയോട് കൂടുതല്‍ കൂടുതല്‍ അമര്‍ഷം വരുന്നു. ആളുകള്‍ അത് കാണാന്‍ കഴിയുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നേരത്തെ രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് കമ്പനികളായ ഹുവായ്, ZTE എന്നീ കമ്പനികള്‍ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്. ചൈനീസ് സൈനിക-രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നിരോധനം. യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. യു.എസ് നെറ്റ് വര്‍ക്കുകള്‍ സുരക്ഷ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടിയെ തുടര്‍ന്നാണ് തീരുമാനമെന്ന് എഫ്.സി.സി വ്യക്തമാക്കി.
അതേസമയം ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെ ബീജിംഗിനെതിരെ ട്രംപ് നടത്തിയ പരാമര്‍ശം കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ അമേരിക്കക്കെതിരെ ചൈനയും രംഗത്തെത്തിയിരുന്നു. കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അമേരിക്ക അത് അവഗണിക്കുകയായിരുന്നു എന്നാണ് ചൈന പറഞ്ഞത്.