പട്ന: ബീഹാറില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചൂടുപിടിക്കവെ ജെ.ഡി.യു തലവന്‍ നിതീഷ് കുമാറിനെ കടന്നാക്രമിച്ച് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം ആര്.ജെ.ഡി നേതാവ് തേജസ്വി യാദവിന് മുന്നില്‍ നിതീഷ് കുമാര്‍ കുമ്പിട്ടു നില്ക്കുന്ന അവസ്ഥയാകും കാണാന്‍ പോകുന്നതെന്ന് ചിരാഗ് പാസ്വാന് പരിഹസിച്ചു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന നിതീഷ് കുമാര്‍ ഇന്ന് അദ്ദേഹത്തോടൊപ്പം ഒരേ വേദി പങ്കിടുന്നു. മോദിക്ക് മുന്നില്‍ തല കുമ്പിട്ടു നില്ക്കാന് നിതീഷിന് യാതൊരു മടിയുമില്ല. അത് മുഖ്യമന്ത്രി സ്ഥാനത്തോടും അധികാരത്തോടുമുള്ള ആര്‍ത്തിയാണ്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നിതീഷ് തേജസ്വിക്ക് മുന്നില്‍ കുമ്പിടുന്നത് കാണാം’-ചിരാഗ് പറഞ്ഞു.
‘കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ പേരില്‍ തനിക്ക് വോട്ട് ലഭിക്കും, വീണ്ടും മുഖ്യമന്ത്രിയാകും. നിതീഷ് പ്രതീക്ഷിക്കുന്ന ഇതാണ്. അതിനു വേണ്ടിയാണ് എന്‍.ഡി.എയുമായി സഖ്യത്തിലേര്‍പ്പെട്ടത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിതീഷ് സര്‍ക്കാര്‍ വീഴ്ച വരുത്തി. തൊഴിലില്ലായ്മ വര്‍ധിച്ചു’-ചിരാഗ് കൂട്ടിച്ചേര്‍ത്തു.
അതേസമയം നിതീഷ് കുമാറിനെതിരെ സഹര്സായില് നടന്ന റാലിക്കിടെ തേജസ്വി യാദവും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ദുരിതം മാത്രമേ സമ്മാനിച്ചുള്ളുവെന്നും തേജസ്വി പറഞ്ഞു. ജനങ്ങള്‍ക്കായി യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് നിതീഷിന്റേതെന്നും തേജസ്വി പറഞ്ഞിരുന്നു.