കോഴിക്കോട്: എം പി സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകന് മുഈന്‍ അലി തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം നിലവില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും മുഈന്‍ അലി പറഞ്ഞു. നേരത്തെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജി വെക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നായിരുന്നു വിശദീകരണം.
ഇതുസംബന്ധിച്ച ചര്‍ച്ച കഴിഞ്ഞ ദിവസം ലീഗ് നേതൃത്വം നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നും ഇതുകൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കും വിധമാകും രാജിയെന്നുമായിരുന്നു ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെയ്ക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാപ്പ പുപ്പുലിയാകുമ്പോള്‍ നഷ്ടം മുസ് ലിം ലീഗ് പാര്‍ട്ടിയ്ക്ക് മാത്രമല്ല യു.ഡി.എഫിന് മൊത്തത്തിലാകുമെന്നാണ് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.