ദിസ്പൂര്‍: പൗരത്വ ബില്‍ പാസാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധവുമായി അസമിലെ വിവിധ സംഘടനകള്‍. കേന്ദ്രമന്ത്രി സഭാ യോഗത്തിന്റെ അംഗീകാരം പൗരത്വ ഭേദഗതി ബില്ലിന് ലഭിച്ചതിന് പിന്നാലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റേയും കോലം കത്തിച്ചു.
ബില്ലിനെതിരെ അസം സംഘ്യാലഘു സംഗ്രം പരിഷത്ത് പ്രതിഷേധ പ്രകടനം നടത്തുകയും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബില്ലിനെതിരെ അസമിലെ ബിശ്വനാഥ് ജില്ലയിലെ ന്യൂനപക്ഷ സംഘടനയിലെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങുകയും ബില്‍ ഉടന്‍ റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ‘ഞങ്ങള്‍ ഈ പ്രതിഷേധം സംസ്ഥാനത്തുടനീളം നടത്തും. അനധികൃത വിദേശ കുടിയേറ്റക്കാരുടെ അധിക ഭാരം കൂടി അസമിന് താങ്ങാന്‍ കഴിയില്ല. അനധികൃത കുടിയേറ്റക്കാരുടെ അധിക ഭാരം കൂടി അവര്‍ ഞങ്ങള്‍ക്ക് നല്കുന്നതിനാല് സര്‍ക്കാരിന്റെ നയത്തെ ഞങ്ങള്‍ എതിര്‍ക്കും. ഒരിക്കലും ഈ നടപടി അംഗീകരിക്കില്ല.
പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്കാന് ഉദ്ദേശിച്ചുള്ളതാണ് പൗരത്വ ഭേദഗതി ബില്‍. ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കും. ജമ്മുകശ്മീരിന് നല്കിപ്പോന്ന പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുപോലെ തന്നെ പൗരത്വഭേദഗതി ബില്ലും മുന്‍ഗണന അര്‍ഹിക്കുന്നതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞിരുന്നു.