ന്യൂഡല്‍ഹി: ആംആദ്മി നേതാവിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത് ബി ജെ പി പ്രവര്‍ത്തകര്‍. എ എ പി നേതാവും ഡല്‍ഹി ജല ബോര്‍ഡ് വൈസ് ചെയര്‍മാനുമായ രാഘവ് ഛദ്ദയുടെ ഓഫീസാണ് ബി ജെ പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. കര്‍ഷക സമരത്തെ പിന്തുണച്ചതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ന് രാവിലെ മുതല്‍ തന്നെ ജല ബോര്‍ഡിന് മുന്നില്‍ ബി.ജെ.പി നേതാവ് ആദേശ് ഗുപ്തയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെ ജല ബോര്‍ഡിന്റെ ഓഫീസിനുള്ളിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു. വാതിലുകളും ജനലുകളും തല്ലിപ്പൊളിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസുള്ളിലേക്ക് കയറിയത്.
തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബോര്‍ഡ് വൈസ് ചെയര്മാന് രാഘവ് ഛദ്ദയുടെ ഓഫീസ് റൂം അടിച്ചുതകര്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷമുള്ള ഓഫീസിന്റെ ദൃശ്യങ്ങള്‍ ഛദ്ദ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ജനല്‍ ഗ്ലാസ്സുകളും വാതിലുകളും അടിച്ച് തകര്‍ത്ത നിലയാണ് ഓഫീസിന്റെ ഇപ്പോഴത്തെ അവസ്ഥ. കനത്ത നാശനഷ്ടമാണ് ആക്രമണത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് ശേഷം കര്‍ഷകരെ പിന്തുണയ്ക്കുന്നത് നിര്ത്തിക്കോളാന് കെജ്രിവാളിനോട് പറയണമെന്ന് അവര്‍ പറഞ്ഞിരുന്നതായി ഛദ്ദ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ആക്രമണങ്ങള്‍ കൊണ്ട് തങ്ങള്‍ കര്‍ഷകര്‍ക്ക് നല്കിയ പിന്തുണ പിന്‍വലിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു.
ബി ജെ പിയുടെ ആക്രമണങ്ങളില്‍ പ്രകോപിതാരാകരുതെന്ന് എല്ലാ പാര്‍ട്ടി അംഗങ്ങളോടും പറഞ്ഞ കെജ്രിവാള് ഇത്തരം ഭീരുക്കളുടെ ആക്രമണത്തെ ഭയപ്പെടുന്നില്ലെന്നും കര്‍ഷകസമരത്തെ പിന്തുണക്കാന്‍ എല്ലാവരും മുന്നോട് വരേണ്ടതാണെന്നും പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്.