ബെംഗളൂരു: വിവാദമായ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ രണ്ടാം പ്രതി. മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ വിരന്‍ ഖന്ന മൂന്നും, വ്യവസായി രാഹുല്‍ പതിനൊന്നാം പ്രതിയുമാണ്. കര്‍ണാടക സി.സി.ബി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രാഗിണിയുടെ അറസ്റ്റ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്.
പുലര്‍ച്ചെ നടിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം നടി ബെംഗളൂരുവിലെ വീട്ടില്‍ ഡ്രഗ് പാര്‍ട്ടി നടത്തിയെന്നും നിശാപാര്‍ട്ടിയില്‍ രാസലഹരിവസ്തുവായ എം.എ.ഡി.എം.എ ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗില്‍റാണിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
ഇന്നലെ അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് സഞ്ജനെയും അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇരുവരും ഒരുമിച്ച് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മലയാളത്തില്‍ ഏറെ പ്രശസ്തയായ നടി നിക്കി ഗില്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗില്‍റാണി.
അതേസമയം വിവാദമായ കേസില്‍ മൂന്നാമത്തെ അറസ്റ്റാണ് രാഗിണിയുടേത്. രാവിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിയ രാഗിണിയെ നീണ്ട ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയുകയായിരുന്നു. നടിയുടെ സുഹൃത്തായ രവി ശങ്കറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രാഗിണിക്കും പങ്കുണ്ടെന്ന് രവി ശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.
അറസ്റ്റിലായ പ്രതികളുടെ കേരളത്തിലെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്. വിവാദക്കേസില്‍ സിനിമാ രാഷ്ട്രീയ മേഖലയിലടക്കമുള്ള ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡാര്‍ക്ക് വെബ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തെ കുറിച്ചാണ് തങ്ങളുടെ അന്വേഷണമെന്നും രാജ്യത്ത് ആദ്യമായി കര്‍ണാടക പോലീസാണ് ഈ മേഖലയില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.