ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ സിനിമ-രാഷ്ട്രീയ മേഖലയിലെ 30 പേരുടെ പേരു-വിവരങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി നടി സഞ്ജന ഗല്‍റാണി. ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളിലായി നടത്തിയ നിശാ പാര്‍ട്ടികളില്‍ തന്നോടാപ്പം പങ്കെടുത്ത സിനിമാ രാഷ്ടീയമേഖലയിലെ പ്രമുഖരുടെ പേരുകളാണ് നടിയുടെ മൊഴിയിലുള്ളത്. ഈ പാര്‍ട്ടികളില്‍ വിവിധ തരം ലഹരിമരുന്നുകള്‍ ഉപയോഗിച്ചുവെന്നാണ് സി.സി.ബിയുടെ കണ്ടെത്തല്‍.
കേസില്‍ അറസ്റ്റിലായവര്‍ പങ്കെടുത്ത ഡ്രഗ് പാര്‍ട്ടികളില്‍ കേരളത്തില്‍ നിന്നടക്കം ലഹരിമരുന്നുകള്‍ എത്തിച്ച് വിതരണം ചെയ്തത് മലയാളിയായ നിയാസാണെന്നും സി.സി.ബിക്ക് വിവരം ലഭിച്ചു. കേരളത്തില്‍ നിന്നും കഞ്ചാവും വിദേശ രാജ്യങ്ങളില്‍നിന്ന് രാസലഹരിവസ്തുക്കളുമാണ് ഈ പാര്‍ട്ടികളിലേക്ക് എത്തിയത്. പാര്ട്ടികളിലെത്തുന്നവര്ക്ക് ലഹരിമരുന്നുകള്‍ വിതരണം ചെയ്തത് മലയാളിയായ നിയാസും സംഘവുമാണെന്നും സിസിബി കണ്ടെത്തി.
നിയാസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള നിയാസിന്റെ കേരളത്തിലെ ബന്ധങ്ങളെ കുറിച്ചും വിവരം ശേഖരിക്കുന്നുണ്ട്. സഞ്ജന ഗല്‍റാണിയുടെ ബിസിനസ് പങ്കാളായിയ പ്രശാന്ത് രങ്കയുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തി. ഇയാളുമായി ചേര്‍ന്ന് നടി ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം ഏഴായി.