ഭോപ്പാല്‍: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ മന്ത്രിസഭാ വിപുലീകരിക്കാന്‍ ഒരുങ്ങി ശിവരാജ് സിംഗ് ചൗഹന് സര്‍ക്കാര്‍. നേരത്തെ സത്യപ്രതിജ്ഞ ചെയ്ത ചൗഹനും അഞ്ച് മന്ത്രിമാര്‍ക്കും പുറമെ 28 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സിന്ധ്യ ക്യാമ്പിലെ ഭൂരിഭാഗം പേരും ഉണ്ടാകും. കൊവിഡ് പ്രതിസന്ധിയില്‍ അഞ്ച് മന്ത്രിമാരുമായി സംസ്ഥാനം ഭരിക്കുന്ന ചൗഹനെതിരെ വിമര്‍ശനവുമായി കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ബി.ജെ.പിയിലേക്കെത്തി 12 പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കും. എന്നാല്‍ ഇതില്‍ ബി.ജെ.പിയിലെ പല മുതിര്‍ന്ന നേതാക്കളും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത അമര്‍ഷവുമായി മുതിര്‍ന്ന നേതാവ് ഗോപാല്‍ ഭാര്‍ഗവ് പരസ്യമായി രംഗത്തെത്തി. ബി.ജെ.പിയിലെ പ്രമുഖ നേതാക്കളും മന്ത്രിപദവിക്ക് വേണ്ടി ചരടുവലി നടത്തിയിരുന്നു.
ഇതേതുടര്‍ന്ന് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് ശിവരാജ് സിംഗ് ആണ്. മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിന് ചൗഹാന് പലതവണ ഡല്‍ഹി യാത്ര നടത്തിയിരുന്നുവെങ്കിലും കാര്യമായ ഫലമുണ്ടായില്ല. സിന്ധ്യക്ക് എം.പി സ്ഥാനം നല്കി ഒതുക്കിയെങ്കിലും സിന്ധ്യ കൂട്ടര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമെന്ന് മുന്കൂടി കണ്ടാണ് ചൗഹാന്റെ പുതിയ തീരുമാനം. എന്നാല്‍ ഇതിനെതിരെ ബി.ജെ.പിയിലെ മറ്റ് നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.