ന്യൂഡല്‍ഹി: ബി.ജെ.പിയുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിക്കാനൊരുങ്ങുകയാണ് ശിവസേനയെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭയിലെ ശിവസേന പ്രതിനിധിയായ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രി അരവിന്ദ് സാവന്ത് രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് രാജി.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവര്‍ണറെ കാണും. പ്രതിപക്ഷ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കേവലഭൂരിപക്ഷം സഭയില്‍ തെളിയിക്കാമെന്ന് ശിവസേന ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കും. 288 അംഗ നിയമസഭയില്‍ 56 അംഗങ്ങള്‍ മാത്രമുള്ള ശിവസേന, എന്‍.സി.പിയെ ഒപ്പം കൂട്ടി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചരടുവലി മുറുക്കി. സേനാ മേധാവി ഉദ്ധവ് താക്കറെ ഇന്നലെ രാത്രി എന്‍.സി.പി നേതാവ് ശരദ് പവാറുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും സഖ്യമായി മത്സരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ പരസ്പരം ഇടയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്, ഒറ്റയ്ക്ക് കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിച്ചത്. എന്നാല്‍, പാര്‍ട്ടിക്ക് കേവലഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ ഭഗത്സിംഗ് കോഷിയാരിയെ ബി.ജെ.പി ഇന്നലെ അറിയിക്കുകയായിരുന്നു. കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ രണ്ടു തവണ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു ബി.ജെ.പിയുടെ നാടകീയ നീക്കം.
അതേസമയം, മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബി.ജെ.പി- ശിവസേന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നല്‍കിയതാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാതെ ശിവസേന ജനവിധിയെ അവഹേളിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ കഴിഞ്ഞദിവസം കുറ്റപ്പെടുത്തി. കേവലഭൂരിപക്ഷത്തിന് 145 പേരുടെ അംഗബലം വേണമെന്നിരിക്കെ, ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമില്ല. എന്‍.സി.പി, കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ആഗ്രഹിക്കുകയാണെങ്കില്‍ ആശംസകള്‍ നേരുന്നതായും പാട്ടീല്‍ പറഞ്ഞു.