ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനായി അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ മുന്നിട്ടിറങ്ങി സുപ്രീം കോടതിയിലെ അഭിഭാഷകരും ജഡ്ജിമാരും. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലേക്കാവശ്യമായ വസ്തുക്കള്‍ ശേഖരിക്കാനായാണ് സുപ്രീം കോടതി ജസ്റ്റിസുമാര്‍ കഴിഞ്ഞ ദിവസം നേരിട്ടിറങ്ങിയത്.
ക്യാമ്പുകളിലേക്കു വേണ്ടുന്ന ബെഡ്ഷീറ്റുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, കുടിവെള്ളം എന്നിവ കണ്ടെത്താനും പായ്ക്കു ചെയ്ത് അയയ്ക്കാനുമുള്ള യത്നത്തിലായിരുന്നു ഇവര്‍. ശനിയാഴ്ച അര്‍ദ്ധരാത്രി വരെ നീണ്ടു നിന്ന സന്നദ്ധ സേവനത്തിന് ജസ്റ്റിസ് കുര്യന് ജോസഫും ജസ്റ്റിസ് കെ.എം. ജോസഫും അടങ്ങുന്നവരാണ് നേതൃത്വം നല്‍കിയത്.
യു.എ.ഇയും ഖത്തറുമടക്കമുള്ള വിദേശരാജ്യങ്ങളും, വിവിധ സംസ്ഥാന സര്‍ക്കാരുകളും കേരളത്തിന് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരുന്നു. ദല്‍ഹി സര്‍ക്കാരും കേരളത്തിലേക്ക് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് പത്രപ്പരസ്യം നല്കി പൊതുജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ തോതിലുള്ള സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ ദുരിതത്തില്‍ ഒപ്പം നില്‍ക്കുന്നതായും, പ്രളയത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതായും കാനഡയും അറിയിച്ചിരുന്നു. ഷാരൂഖ് ഖാനും അനുപം ഖേറുമടങ്ങുന്ന ബോളിവുഡ് താരനിരയും സഹായഹസ്തവുമായി എത്തിയവരില്‍പ്പെടുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളനുസരിച്ച് 357 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. നാലു ലക്ഷത്തിലധികം പേരാണ് വീടും സമ്പാദ്യവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.