ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് നിന്ന് മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതിയായിരുന്ന സരിതാ നായര്‍ നല്കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. തുടര്‍ച്ചയായി കേസില്‍ പരാതിക്കാരിയും അഭിഭാഷകനും ഹാജരാകാതിരുന്നതോടെ കേസ് സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതുകൂടാതെ പരാതിക്കാരിയായ സരിതക്ക് കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
നേരത്തെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാനൊരുങ്ങിയ സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. തുടര്‍ന്ന് വരാണാധികാരിയുടെ പിഴവാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സരിത ആവശ്യപ്പെട്ടത്. എന്നാല്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും സരിതക്കെതിരായ കേസുകളില്‍ വിധി വന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് വയനാട്ടില്‍ സമര്‍പ്പിച്ച സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയത്.
തുടര്‍ന്ന് വയനാട്ടില്‍ നിന്നും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധിയുടെ ഫലം റദ്ദ് ചെയ്ത് ഒരു തെരഞ്ഞെടുപ്പ് കൂടി നടത്തണമെന്നാവശ്യപ്പെട്ട് സരിതാ നായര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ തുടര്‍ നടപടികള്‍ക്കായി പലവട്ടം വിളിച്ചെങ്കിലും സരിതയുടെ അഭിഭാഷകന് കോടതിയില്‍ ഹാജരായില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായിരുന്നില്ല.
മറ്റു കേസുകളിലേക്ക് കടന്ന കോടതി പിന്നെയും ഈ കേസ് വിളിച്ചു. അപ്പോഴും ആരും കേസിനായി ഹാജരായിരുന്നല്ല. ഇതോടെയാണ് ഹരജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും കോടതി തീരുമാനിച്ചത്. അമേഠിയിലും വയനാട്ടിലുമായിരുന്നു രാഹുല്‍ മത്സരിച്ചത്.