ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഇന്ത്യ-ചൈന വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എം.പി. സര്‍ക്കാര്‍ എപ്പോഴും രാജ്യത്തെ വിശ്വാസത്തിലെടുക്കേണ്ടതുണ്ടെന്നും ഇന്ത്യ-ചൈന പ്രതിനിധികള്‍ ചര്‍ച്ച നടത്തിയ കാര്യം എപ്പോഴാണ് തങ്ങളെ കേന്ദ്രം അറിയിച്ചതെന്ന് ശശി തരൂര്‍ ചോദിച്ചു. പാര്‍ലമെന്റിനോട് ഉത്തരം പറയാന്‍ സര്‍ക്കാര്‍ എപ്പോഴും ബാധ്യസ്ഥരാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയ കാര്യം എപ്പോഴാണ് തങ്ങളെ കേന്ദ്രം അറിയിച്ചത്. പാര്‍ലമെന്റിനോട് ഉത്തരം പറയാന്‍ സര്‍ക്കാര്‍ എപ്പോഴും ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ എപ്പോഴും രാജ്യത്തെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്’-തരൂര്‍ പറഞ്ഞു. സൈന്യത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്റെ ആവശ്യംപോലും ഇല്ലെന്നും സൈന്യത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
നേരത്തെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൂന്ന് ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിമാരോട് മോദി സഹായം അഭ്യര്ത്ഥിക്കവെയായിരുന്നു ജയ്റാം രമേശ് ചോദ്യങ്ങളുന്നയിച്ചത്. താങ്കള്‍ ഇവിടെ ഇരിക്കുകയാണെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും താങ്കള്‍ക്ക് കഴിയണമെന്നും മൂന്ന് ചോദ്യങ്ങളാണ് തങ്ങള്‍ക്ക് ചോദിക്കാനുള്ളതെന്നും ജയ്റാം രമേശ് പറഞ്ഞിരുന്നു.
‘നിങ്ങള്‍ ഇവിടെ ഇരിക്കുകയാണെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും നിങ്ങള്‍ക്ക് കഴിയണം. മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്. ഒന്ന് കൊവിഡിനെ കുറിച്ചാണ്. മറ്റൊന്ന് സാമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിനെ കുറിച്ചാണ്. മറ്റൊന്ന് ചൈനയെ കുറിച്ചാണ്’-ജയ്റാം രമേശ് പറഞ്ഞിരുന്നു. അതിര്‍ത്തി സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് എം.പി അധിര്‍ രജ്ഞന്‍ ചൗധരിയും കെ.സുരേഷുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയാണ്. അതേസമയം പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പായി മാധ്യമങ്ങളെ കണ്ട മോദി പാര്‍ലമെന്റില്‍ എത്തിച്ചേര്‍ന്ന എം.പിമാരെ അഭിനന്ദിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിലും എം.പിമാര്‍ എത്തിയിരിക്കുന്നുവെന്നും കൊവിഡ് തെരഞ്ഞെടുക്കണോ ഡ്യൂട്ടി വേണോ എന്ന ചോദ്യത്തിന് മുന്പില് ഡ്യൂട്ടി തെരഞ്ഞെടുക്കാന്‍ എം.എല്‍.എമാര്‍ കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.