തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൂട്ടിരിപ്പുകാര്‍. നിരീക്ഷണ വാര്‍ഡില്‍ കൂട്ടിരിപ്പുകാരായി ബന്ധുക്കളെ പ്രവേശിപ്പിച്ചിരുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പി.പി.ഇ കിറ്റ് പോലുമില്ലാതെയാണ് കൂട്ടിരിപ്പുകാര്‍ ആശുപത്രിയില്‍ നിന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രി രേഖകളില്‍ യുവാവിന് കൊവിഡ് ഉള്ളതായും ഔദ്യോഗിക കണക്കുകളില്‍ രോഗബാധ ഇല്ലെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തനിക്ക് രോഗം സ്ഥിരീകരിച്ചതായി അശുപത്രി അധികൃതര്‍ അറിയിച്ചുവെന്ന് യുവാവ് തന്നെ വെളിപ്പെടുത്തി. ഇയാളുടെ പിതാവിനെ 18ാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ 20 ന് പരിശോധന നടത്തുകയും പരിശോധന ഫലം പോസിറ്റീവായി കണ്ടെത്തയതായി ആശുപത്രി രേഖകളില്‍ ഉണ്ട്.
നിലവില്‍ രോഗം ബാധിച്ച യുവാവിന് ആശുപത്രിയില്‍ എത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ പിതാവിന് മുമ്പ് രോഗം വന്ന് നെഗറ്റീവ് ആയതാണെന്നും ഇതിനെ തുടര്‍ന്നാണ് കൂട്ടിരിപ്പുകാരനായി മകനെ അനുവദിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് മറ്റ് രോഗികളൊപ്പം ഉണ്ടായിരുന്ന ഏഴ് കൂട്ടിരിപ്പുകാരെയും അഡ്മിറ്റ് ചെയ്തതായി രേഖകളില്‍ പറയുന്നു.