ഹൈദരാബാദ്: വനിതാ മൃഗഡോക്ടറെ ലൈംഗികാക്രമണത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തം. ഇന്നലെ നൂറുകണക്കിനാളുകള്‍ ഹൈദരാബാദിലെ രംഗ റെഡ്ഡി ജില്ലയിലെ ശദ്നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്.
അതേസമയം ശദ്നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കടക്കുന്നത് തടഞ്ഞുകൊണ്ട് പ്രതിഷേധക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തുകയും പൊലീസുകാര്‍ക്കു നേരെ കല്ലും ചെരിപ്പും എറിഞ്ഞു. പ്രതികളെ തങ്ങള്‍ക്ക് വിട്ടുതരണമെന്നും അവര്‍ ഇരയോട് കാണിച്ച അതേ രീതിയില്‍ തന്നെ അവരെയും ശിക്ഷിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ‘അത് നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ അവരെ ഞങ്ങള്‍ക്ക് വിട്ടു തരൂ’ പ്രതിഷേധക്കാര്‍ പൊലീസിനോട് പറഞ്ഞു. നിരവധി സ്ത്രീകളും പെണ്‍കുട്ടികളും പൊലീസ് സ്റ്റേഷന്റെ മുമ്പില്‍ കുത്തിയിരുന്നു. പൊലീസിന് നേരെ ‘ഞങ്ങള്‍ക്ക് നീതി വേണം’ എന്ന മുദ്രാവാക്യവും ഉയര്‍ത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് നാലുപേരെ നിലവില്‍ അറസ്റ്റുചെയ്തിട്ടുണ്ട്. അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കനത്ത പൊലീസ് സുരക്ഷയില്‍ അവരെ ശദ്നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും വെള്ളിയാഴ്ച ഷംഷാബാദില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. യുവതിയുടെ കൊലപാതകത്തില്‍ അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ നടത്തി നീതി ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ഇരയുടെ കുടുംബത്തിന് ഉറപ്പ് നല്കി.